മാമാങ്കം ഫെസ്റ്റിന് തുടക്കമായി

മലപ്പുറം: മാമാങ്കത്തിന്റെ 261ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് അങ്കവാള്‍ പ്രയാണത്തോടെ ഔദ്യോഗിക തുടക്കമായി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ചാവേര്‍തറ മുതല്‍ തിരുന്നാവായ നിലപാട് തറ വരെയായിരുന്നു അങ്കവാള്‍ പ്രയാണം. പ്രയാണം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പരിചപയപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
തിരൂര്‍ ആര്‍.ഡി.ഒ ഡോ. ജെ. ഒ അരുണ്‍, ഡി.ടി.പി.സി എക്‌സി കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍, ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍ എന്നിവര്‍ പ്രയാണത്തിന് നേതൃത്വം നല്‍കി. മലപ്പുറം, കോട്ടക്കല്‍ സാ്മൂതിരി കോവിലകം എന്നിവിടങ്ങളില്‍ പ്രയാണത്തിന് സ്വീകരണം നല്‍കി.
ഉദ്ഘാടന പരിപാടിയില്‍ ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, വേണുഗോപാല്‍ രാജ, എം.കെ സതീഷ്ബാബു, തിരുമാന്ധാംകുന്ന് ദേവസ്വം ബോര്‍ഡ് മാനെജര്‍ സുരേന്ദ്ര കുറുപ്പ്, പി. വിശ്വനാഥന്‍, ഉമ്മര്‍ ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ ഡി.ടി.പി.സി. എക്‌സി കമ്മിറ്റി അംഗങ്ങളായ എ.കെ.എ നസീര്‍, പി.കെ അസ്‌ലു, സി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ പരിപാടികളോടെയാണ് ഡി.ടി.പി.സി ഇത്തവണ മാമാങ്കം ഫെസ്റ്റ് നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന സ്മാരക സന്ദര്‍ശനമാണ് അതില്‍ പ്രധാനം. പൊതുജനങ്ങളെ ഉള്‍പ്പെടുത്തി വിവിധ സ്മാരകങ്ങള്‍ ഫെബ്രുവരി 13ന് സന്ദര്‍ശിക്കും. പുതുതലമുറയലുള്ളവര്‍ക്ക് മാമാങ്കത്തിന്റെ ചരിത്രം എത്തിക്കുന്നതിനാവശ്യമായ നടപടിയും പൊതുജന പങ്കാളിത്തത്തോടെ നടത്തും. ചരിത്ര വിദ്യാര്‍ഥികള്‍ക്കായി സെമിനാറും ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി മാമാങ്കം സ്മാരകങ്ങളില്‍ ചരിത്ര ടൂറിസം നടപ്പാക്കുന്നതിനുള്ള നടപടികളും ഡി.ടി.പി.സി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *