ബെയ്ജിംഗ്: ചൈനീസ് പ്രധാനമന്ത്രിയായി വീണ്ടും ലി കെചിയാംഗിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ലി കെചിയാംഗ് പ്രധാനമന്ത്രിയാകുന്നത്. ചൈനീസ് പാര്‍ലമെന്റിലെ 2,966 പേരില്‍ 2,964 പേരും കെചിയാംഗിനു വോട്ട് രേഖപ്പെടുത്തി. 2013ലാണ് കെചിയാംഗ് ആദ്യമായി ചൈനീസ് പ്രധാനമന്ത്രിയായത്.
ശനിയാഴ്ച ഷി ചിന്‍പിംഗിനെ ചൈനയുടെ പ്രസിഡന്റായി ചൈനീസ് പാര്‍ലമെന്റ് തെരഞ്ഞെടുത്തിരുന്നു. അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയിലേക്കാണു തെരഞ്ഞെടുപ്പ്. ഒരാഴ്ച മുന്‍പു പാസാക്കിയ ഭരണഘടനാ ഭേദഗതി വഴി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുടേം എന്ന വ്യവസ്ഥ നീക്കിയിരുന്നു. അതനുസരിച്ചു ഷിക്ക് ആജീവനാന്തം പ്രസിഡന്റായി തുടരാം. പാര്‍ലമെന്റിലെ 2970 പേരും ഷിക്ക് വോട്ട് ചെയ്തു.
ഷിയുടെ വിശ്വസ്തന് വാംഗ് ചിഷാനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. . 2012 മുതല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു വാംഗ്. ഒക്ടോബറില്‍ അതില്‍നിന്നു മാറിയിരുന്നു. ഒന്നിനെതിരേ 2969 വോട്ടിനാണ് വാംഗിനെ തെരഞ്ഞെടുത്തത്.
