ഭര്‍ത്താവിന്റെ അനുയായിക്ക് ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു

തിരുവനന്തപുരം:  ഭര്‍ത്താവായ എംഎല്‍എയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു. 2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്.

ഭൂമി ലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും.
സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്ബ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതല സ്വാധീനത്താല്‍ പിന്നീട് ആര്‍ ഡി ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും.

കൈവശം വെച്ചനുഭവിക്കുന്ന റീസര്‍വേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച്‌ നല്‍കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ 227ല്‍ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാല്‍ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യര്‍ റീസര്‍വേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ഒപ്പം റീസര്‍വേ 227ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്ബോക്ക് ഏറ്റെടുത്ത താഹസില്‍ദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സര്‍ക്കാര്‍ പുറമ്ബോക്കും ലിജിക്ക് ലഭിച്ചു.

അതീവരഹസ്യമായാണ് ദിവ്യ എസ് നായര്‍ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ ഈ വിവരം അറിഞ്ഞ് താഹസില്‍ദാര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു. പക്ഷെ താഹസില്‍ദാരുടെ വാദമുഖങ്ങള്‍ സബ് കളക്ടര്‍ മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്.

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അമ്ബതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ ദിവ്യ എസ് അയ്യര്‍ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമി പതിച്ചു നല്‍കിയതിതെിരെ ഇലകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വി ജോയി എംഎല്‍എ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച്‌ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *