ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: റിപ്പോര്‍ട്ട് വ്യാജമെന്ന് ആരോപണ വിധേയന്‍

കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പച്ചക്കള്ളമെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ് മാതൃഭൂമീ ന്യൂസിനോട് പറഞ്ഞു. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പോലീസ് പറയുന്ന വ്യക്തിയാണ് പ്രണൂബ്.

രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹം സംസ്കരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പ്രണൂബ് പറയുന്നു. തനിക്കെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രണൂബ് പറയുന്നു. ആര്‍എസ്‌എസ്- ബിജെപി നേതൃത്വം ഉള്‍പ്പെട്ടു എന്ന് പറയുന്നതും കള്ളമാണ്. തന്നെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരിചയപ്പെടുത്തുക, പൂര്‍ണമായിട്ടും നാടുകടത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രണൂബ് ആരോപിക്കുന്നു.

കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ പോലീസ് പറയുന്നതുപോലെ ക്വട്ടേഷന്‍ സംഘത്തെ രൂപികരിച്ചതായി തനിക്ക് അറിവില്ലെന്നാണ് പ്രണൂബ് പറയുന്നത്. കണ്ണൂരിലെ സി.പി.എം. പ്രവര്‍ത്തകന്‍ രവീന്ദ്രന്‍നെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയാണ് പ്രണൂബ്. എന്നാല്‍ രവീന്ദ്രന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും രവീന്ദ്രന്‍ കൊല്ലപ്പെടുമ്ബോള്‍ താന്‍ വീട്ടിലുണ്ടായിരുന്നുവെന്നും പ്രണൂബ് പറയുന്നു. രണ്ട് പോലീസുകാരുടെ സാന്നിധ്യത്തില്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നപ്പോളാണ് രവീന്ദ്രന്‍ കൊല്ലപ്പെടുന്നത്.

അതുപോലെതന്നെ മോഹനന്‍ വധക്കേസിലും താന്‍ പ്രതിയല്ല. ഇതേപോലെ പോലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയാണ് പി ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ കഥയെന്നും പ്രണൂബ് പറയുന്നു. കണ്ണൂര്‍ പോലുള്ള സ്ഥലത്ത് പി. ജയരാജനെ ആക്രമിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നില്‍ മറ്റെന്തൊ ഗൂഢലക്ഷ്യമുണ്ടെന്നും പ്രണൂബ് ആരോപിക്കുന്നു.

ജയരാജനെ പ്രണൂബിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സിപിഎം മുഖപത്രത്തിലടക്കം ദിവസങ്ങളായി വരുന്നുണ്ട്. ഇതില്‍ പ്രണൂബ് ഉള്‍പെട്ടിട്ടുള്ള കേസുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ക്വട്ടേഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആരാണ് ജയരാജനെ വധിക്കാന്‍ ശ്രമിക്കുന്നത്, ആരുടേതാണ് വാഹനം, ആരാണ് ക്വട്ടേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്, ആരാണ് പണം മുടക്കുന്നത്, ആരെയാണ് കൊലപ്പെടുത്താന്‍ നിയോഗിച്ചിരിക്കുന്നത് തുടങ്ങി എല്ലാവിവരങ്ങളും പോലീസിന് ഉണ്ടെന്ന് വ്യക്തമാക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത്ര കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയും ഇക്കാര്യം ചര്‍ച്ചയാക്കുന്നതിന് പിന്നിലും ഗൂഢോദ്ദ്യേശമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ഷുഹൈബ് വധത്തില്‍ മുഖം നഷ്ടപ്പെട്ട പി. ജയരാജനെ വെള്ളപൂശാനുള്ള ശ്രമമെന്നാണ് ഇതിനെ ബിജെപി നേതാക്കള്‍ കാണുന്നത്.

അതേസമയം അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് എങ്ങനെ സോഷ്യല്‍ മീഡിയ വഴി ചോര്‍ന്നുവെന്നാണ് പോലീസ് പരിശോധിക്കുന്നത്. അതീവ രഹസ്യമുള്ള റിപ്പോര്‍ട്ടുപോലും കൈമാറാന്‍ കഴിയാത്ത തരത്തില്‍ കണ്ണൂര്‍ ജില്ലയിലെ പോലീസ് സംവിധാനം രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നതിന്റെ തെളിവായാണ് റിപ്പോര്‍ട്ട് ചോര്‍ച്ചയെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *