ഇന്ത്യയുടെ കാത്തിരിപ്പ് ‘മോഡിമുക്ത’ ഭാരതത്തിന് വേണ്ടി ; ബിജെപിയോട് പിണങ്ങി എംഎന്‍എസും പുറത്തേക്ക്

മുംബൈ: രണ്ടു തവണ സ്വാതന്ത്രം നേടിയ ഇന്ത്യ അടുത്ത വര്‍ഷം മറ്റൊരു സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണെന്നും മോഡി മുക്ത ഭാരതമാണ് ഈ മൂന്നാം സ്വാതന്ത്ര്യസമരമെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറേ. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചു നിര്‍ത്തുന്നത് ലക്ഷ്യമിട്ട് ബിജെപി നീങ്ങുമ്ബോള്‍ അവരുടെ മുന്നണിയില്‍ നിന്നും പരസ്യമായി വഴക്കടിച്ച്‌ പുറത്തേക്ക് പോകുന്ന അടുത്ത കക്ഷിയാണ് എംഎന്‍എസ്.

കഴിഞ്ഞ തവണ മോഡിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന രൂക്ഷ വിമര്‍ശനം നടത്തിയാണ് പുറത്തു പോകുന്നത് . അടുത്ത തെരഞ്ഞെടുപ്പില്‍ മോഡി മുക്ത ഭാരതത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നാകണമെന്ന് നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ വ്യക്തമാക്കി. ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് രാജ്താക്കറെ രൂക്ഷ വിമര്‍ശനം നടത്തിയത്. ശിവസേനയ്ക്ക് പിന്നാലെ ബിജെപിയോട് കലഹിച്ച്‌ എന്‍ഡിഎ വിടുന്ന മഹാരാഷ്ട്രയിലെ അടുത്ത ഹിന്ദു സംഘടനയാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഗ്ഗീയ ലഹള സൃഷ്ടിച്ച്‌ അതില്‍ സഹതാപം ഉയര്‍ത്തി അതിനെ വോട്ടാക്കി മാറ്റാന്‍ നീക്കമുണ്ട്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഹിന്ദുക്കളുടേയും മുസ്ളീങ്ങളുടെയും സംഘര്‍ഷം ഉണ്ടാക്കാന്‍ ചില സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്രം നിര്‍മ്മിക്കണമെങ്കിലൂം അത് ഈ രീതിയിലാകരുതെന്നും താക്കറെ പറഞ്ഞു.

2014 തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും മറാഠികള്‍ക്ക് എതിരേയുള്ള നീക്കമാണ് മോഡി നടത്തുന്നതെന്നും കുറ്റപ്പെടുത്തിയ രാജ് താക്കറേ രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയെ തകര്‍ത്ത് ഗുജറാത്തിനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപിച്ചു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഗുജറാത്തിലേക്ക് കൊണ്ടുപോയതും എയര്‍ ഇന്ത്യാ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയതും ഈ ഗൂഡാലോചനയുടെ ഭാഗമാണ്. മുംബൈയില്‍ നിന്നും ഗുജറാത്തിലേക്ക് പോകുന്ന 40 ശതമാനം ട്രെയിനുകളും കാലിയായിട്ടാണ് പോകുന്നത്്. ഗുജറാത്തികള്‍ക്ക് പോലും ബുള്ളറ്റ് ട്രെയിന്‍ ആവശ്യമില്ലെന്നും പറഞ്ഞു.

2014 തെരഞ്ഞെടുപ്പില്‍ മോഡിയെ പിന്തുണച്ചത് അബദ്ധമായി പോയി. 1947 ലാണ് ഇന്ത്യയ്ക്ക് ആദ്യം സ്വാതന്ത്ര്യം കിട്ടിയത്. 1977 ല്‍ രണ്ടാം സ്വാതന്ത്ര്യവും കിട്ടി. 2019 ല്‍ മോഡിമുക്ത സ്വാതന്ത്ര്യത്തിനായിട്ടാണ് ഇന്ത്യ നടത്തുന്നതെന്നും പറഞ്ഞു. നോട്ടു നിരോധനവും റഫാല്‍ ഇടപാടും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ വിരുദ്ധരായി മാറ്റുമെന്നും പറഞ്ഞു. നീരവ് മോഡി വിഷയത്തില്‍ നിന്നും തലയൂരാന്‍ മാധ്യമങ്ങളെ നന്നായി വിനിയോഗിച്ച മോഡി സര്‍ക്കാരിന് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കാന്‍ ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *