കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. കുറ്റിപ്പുറം പാലത്തിന് സമീപം ദേശീയപാതയുടെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെയാണ് ഹൈവേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയപാത വികസനത്തിനായി 30 മീറ്റര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും എന്നാല്‍ 45 മീറ്റര്‍ ഏറ്റെടുക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ നീക്കം അനുവദിക്കില്ലെന്നും ദേശീയപാതയ്ക്കായി 30 മീറ്റര്‍ സ്ഥലം നല്‍കാമെന്നുമാണ് നാട്ടുകാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 45 മീറ്റര്‍ ഏറ്റെടുത്താല്‍ തങ്ങളുടെ കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നു ഇത് അനുവദിക്കില്ലെന്നുമാണ് നാട്ടുകാര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളത്.
ഇതിനിടെയാണ് റവന്യൂ അധികൃതര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടിക്കായി ഇന്നുരാവിലെ എത്തിയത്. ഇതേതുടര്‍ന്നാണ് പ്രതിഷേധം തുടങ്ങിയത്. പരിസ്ഥിതി പ്രവര്‍ത്തകനും എഎപി സംസ്ഥാന കണ്‍വീനറുമായ സിആര്‍ നീലകണ്ഠന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമവായമുണ്ടാക്കാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഭൂമി ഏറ്റെക്കുന്നതു സംബന്ധിച്ച് അതാത് പഞ്ചായത്ത് അംഗങ്ങളെകൂടി ഉള്‍പ്പെടുത്തി ഓരോ പ്രദേശത്തും പ്രത്യേകം യോഗം ചേരാമെന്നും തീരുമാനിച്ചിരുന്നു. ഇതിന് ശേഷമേ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകൂവെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്. എന്നാല്‍ സമവായമായിരുന്നില്ല.
പൊന്നുംവില നല്കി ഭൂമി ഏറ്റെടുക്കുമെന്നാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നതെങ്കിലും വളരെ തുച്ഛമാണ് തങ്ങള്‍ക്ക് കിട്ടുന്ന വിലയെന്നും ഈ വിലയ്ക്ക് തങ്ങളുടെ കിടപ്പാടം വിട്ടുകൊടുക്കാന്‍ തയാറല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
എഎപി, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ പാര്‍ട്ടികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
