കീഴാറ്റൂര്‍ നന്ദിഗ്രാമോ സിന്ദൂരോ അല്ല; ബൈപ്പാസ് വയലിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഭാവിക വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസനത്തിന് തടയിടാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എ വിഡി സതീശന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നും സിപിഎമ്മുകാര്‍ എതിര്‍ത്തെന്ന് പറഞ്ഞ് വികസനം നിര്‍ത്തണോയെന്നും ചോദിച്ചു. മറ്റൊരു വഴി ചൂണ്ടിക്കാട്ടാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്കും കഴിയുന്നില്ല. അപ്പോള്‍ പിന്നെ ദേശീയപാതാ വികസനത്തിന് മറ്റ് മാര്‍ഗ്ഗമില്ല. ദേശീയപാതാ വികസനത്തിന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ലെന്ന കാര്യം ഇപ്പോഴും ചിലര്‍ക്ക് മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴാറ്റൂര്‍ നന്ദിഗ്രാമോ സിന്ദൂരോ അല്ല.

ബൈപ്പാസിന് വേണ്ടി 56 പേര്‍ ഭൂമി വിട്ടു നല്‍കി വെറും നാലു പേര്‍ മാത്രമാണ് വിട്ടു നല്‍കാത്തത്. റോഡ് നിര്‍മ്മിക്കാന്‍ മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടാനും സമരക്കാര്‍ക്ക് കഴിയുന്നില്ല. കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പറഞ്ഞ പിണറായി ഇതു സംബന്ധിച്ച സിപിഐ നിലപാടുകളും തള്ളി.

വികസനത്തിനായി ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നും കാണിക്കാതെ ഒരുമിച്ച്‌ നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തുന്നവരെ സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നെന്ന വിഡി സതീശന്റെ അടിയന്തിരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തല്‍ നടത്തിയാല്‍ തടയുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *