അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല, ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ലോക്‌സഭാ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. സഭാ നടപടികളുമായി സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ അഭ്യര്‍ത്ഥന നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്ന എഐഎഡിഎംകെ അംഗങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നടപടികളും ഇന്നത്തേക്ക് പിരിഞ്ഞു. ഇരുസഭകളും വ്യാഴാഴ്ച രാവിലെ വീണ്ടും ചേരും. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു രാജ്യസഭാ അംഗങ്ങള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നും റദ്ദാക്കി.

ഇറാഖിലെ മൊസൂളില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് രാജ്യസഭയില്‍ ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിക്കാതെ വിഷയം സഭയെ നേരിട്ടറിയിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. ഇതിനെതിരെ പ്ലക്കാര്‍ഡുകളുമായി ടിഡിപി എംപിമാര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചതോടെ ബഹളം കനക്കുകയായിരുന്നു.

അതേസമയം രാവിലെ ആരംഭിച്ച ലോക്‌സഭ ഏതാനും മിനിറ്റുകള്‍ മാത്രം ചേര്‍ന്ന് ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ 12 വരെ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ നടപടികള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ ഇന്നും അനുമതി നല്‍കിയില്ല. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് അവിശ്വാസപ്രമേയനോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കാനാകാതെ ലോക്‌സഭ പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *