സുന്നികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മുടിക്കോട് പള്ളി തുറക്കാന്‍ ധാരണ

മലപ്പുറം: എപി-ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച്‌ പൂട്ടിയ മഞ്ചേരി മുടിക്കോട് പള്ളി തുറക്കാന്‍ സുന്നി പ്രവര്‍ത്തകരുടെ സംയുക്തയോഗത്തില്‍ ധാരണ.. ഇരു സംഘടനാ നേതൃത്വവും ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായി യോജിച്ച്‌ മുന്നോട്ട് പോകും. ഇന്ന് പെരിന്തല്‍മണ്ണ ആര്‍ ഡി ഒയെ നേതാക്കള്‍ കാണാനും തീരുമാനിച്ചിട്ടുണ്ട്. 2017 ആഗസ്ത് രണ്ടിന് സര്‍ക്കാര്‍ ഏറ്റെടുത്ത പള്ളി നാലിനാണ് പൂട്ടിയത്. ആര്‍ ഡി ഒയുടെ നേതൃത്വത്തിലുള്ള അടുത്ത ചര്‍ച്ച ഈമാസം 28നാണ്. ഇതിനുമുമ്ബ് തന്നെ അടച്ചിട്ട മുടിക്കോട് ജുമുഅ മസ്ജിദ് ആരാധനക്കായി സര്‍ക്കാര്‍ വിശ്വാസി സമൂഹത്തിന് തുറന്നുകൊടുക്കുമെന്നാണ് നാട്ടുകാര്‍ പ്രത്യാശിക്കുന്നത്.

സുന്നി ഐക്യചര്‍ച്ച പുരോഗമിക്കുന്നതോടൊപ്പം തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട പള്ളികള്‍ തൂറന്നു പ്രവര്‍ത്തിപ്പിക്കാനാവാശ്യമായ ചര്‍ച്ചകളും നടന്നുവരികയാണ്. ഈമാസം 11ന് മലപ്പുറം ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, എ കെ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ഹമീദ് ഫൈസി അമ്ബലക്കടവ്, ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് മുസ്്ലിയാര്‍ നന്തിയില്‍, അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട് എന്നിവര്‍ പങ്കെടുത്തിരുന്നു.

ആദ്യയോഗത്തില്‍ തന്നെ പള്ളി തുറക്കാന്‍ ഇരുവിഭാഗവും തീരുമാനത്തിലെത്തി. ഇക്കഴിഞ്ഞ 18ന് വീണ്ടും മലപ്പുറം റസ്റ്റ് ഹൗസില്‍ വിപുലമായ ചര്‍ച്ച നടക്കുകയും അഡ്്ഹോക്ക് കമ്മിറ്റിക്കും കരാറിനും രൂപം നല്‍കുകയും ചെയ്തിരുന്നു.മുടിക്കോട് മഹല്ലില്‍ എ പി-ഇകെ വേര്‍തിരിവുകള്‍ അവസാനിപ്പിച്ച്‌ സുന്നികളുടെ ഐക്യത്തിന് പ്രധാന്യം നല്‍കി വിട്ടുവീഴ്ചാ മനോഭാവത്തോടെ മുന്നോട്ട് പോകണമെന്നാണ് തീരുമാനം.

പള്ളി തുറക്കാനുള്ള നീക്കം സുന്നി ഐക്യചര്‍ച്ചകള്‍ സഫലമാകുന്നതിന്റെ മുന്നോടിയായാണെന്നാണു വിലയിരുത്തല്‍.സുന്നികള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ഏറെ കാലമായി ഉയരുന്ന ആവശ്യമായിരുന്നു. ഇരുവിഭാഗം സുന്നികളും ഇതിനായി മുന്‍കൈയ്യെടുക്കകുയം ചെയ്തിരുന്നു. ഐക്യം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി ഇരു വിഭാഗത്ത് നിന്നും നാല് വീതം നേതാക്കളെ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമുള്ളത്. ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന തീരുമാനമായിരുന്നു പൂട്ടികിടക്കുന്ന പള്ളികള്‍ തുറന്ന് നല്‍കുക എന്നത്.

Leave a Reply

Your email address will not be published. Required fields are marked *