മുസഫര്‍നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ലഖ്​നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. 13 കൊലപാതക കേസുകളും 11 വധശ്രമ കേസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന്​ ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്​ പ്രകാരം കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കേസുകളാണ് പിന്‍വലിക്കുന്നത്. ഇതിന് പുറമെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന കുറ്റം ചുമത്തിയ 16 കേസുകളും രണ്ട്​ മതസ്​പര്‍ദ്ധ കേസുകള്‍ പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

2013 സെപ്റ്റംബറിലെ മുസഫര്‍നഗര്‍, ഷംലി വര്‍ഗീയ കലാപങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണിക്കിനാളുകള്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട്​ അന്നത്തെ സമാജ്​വാദി പാര്‍ട്ടി സര്‍ക്കാര്‍ 1455 പേര്‍ക്കെതിരെ 503 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തിരുന്നു.

മുസഫര്‍ നഗര്‍, ഷംലി കലാപ കേസുകളില്‍ പ്രതിയായ ബി.ജെ.പി എം.പി സഞ്ജീവ് കുമാര്‍ ബല്യാന്‍, ബി.ജെ.പി എം.എല്‍.എ ഉമേഷ്​ മാലിക്ക്​ എന്നിവരടക്കമുള്ളവര്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ നേരിട്ട്​ കണ്ട്​ കേസുകള്‍ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ പ്രതികളായ 179 കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്​.

ഫെബ്രുവരി 23ന് യു.പി നിയമവകുപ്പ് സ്പെഷല്‍ സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍നഗര്‍, ഷംലി ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞാണ് കത്ത്. ഏതൊക്കെ പൊലീസ് സ്റ്റേഷനുകളില്‍ ഏതൊക്കെ കേസുകള്‍ എന്ന് കേസ് നമ്ബറുകളും ഐപിസി സെക്ഷനുകളും സഹിതമാണ് കൊടുത്തിരിക്കുന്നത്. നിയമവകുപ്പ് വൃത്തങ്ങളും കത്ത് നല്‍കിയതായി സ്ഥിരീകരിച്ചുവെന്ന്​ ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *