തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വീഴ്ച വരുത്തിയാല്‍ അദാനിയില്‍നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി. വിഴിഞ്ഞം പദ്ധതി നീളുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപോക്ക്.
വിഴിഞ്ഞം പദ്ധതി അനിശ്ചിതമായി നീളുന്നതിനെതിരെയായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എം വിന്‍സെന്റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. 2015 ഓഗസ്റ്റിലാണ് ഇത്തരമൊരു കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തെ ലാഘവത്തോടെയാണ് കാണുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി മറുപടി നല്‍കി.
ഓഖി ചുഴലിക്കാറ്റും സാധന സാമഗ്രികളുടെ ലഭ്യതകുറവും പദ്ധതിയ്ക്ക് ചെറിയ തോതില്‍ തിരിച്ചടിയായെന്നും മന്ത്രി സഭയില്‍ അറിയിച്ചു.
എന്നാല്‍ പ്രകൃതിദുരന്തത്തിന്റെയും നിര്‍മ്മാണ സാമഗ്രികളുടെ പേരിലും സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത് ഗുരുതര വീഴ്ചയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. യുഡിഎഫ് കൊണ്ടുവന്ന പാക്കേജുകളെല്ലാം നടപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
