തൃണമൂലിനെ തുരത്താന്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യമോ?

ദില്ലി: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തുരത്താന്‍ സി.പി.എം കോണ്‍ഗ്രസ് ബാന്ധവത്തിന് കളമൊരുങ്ങുന്നു. തൃണമൂലിനെ  തോല്‍പ്പിച്ച് അധികാരത്തിലെത്തുകയെന്നത് സി.പി.എമ്മിന് അനിവാര്യമാണ്.

കോണ്‍ഗ്രസുമായി കൂട്ടുകെട്ടുന്നതിനായി ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ബംഗാളിലെ പല നേതാക്കളും അവരുടെ ആവശ്യങ്ങളുമായി സോണിയാഗാന്ധിയെ കാണാന്‍ ദില്ലിയില്‍ കറങ്ങുന്നുണ്ട്. ഇക്കാര്യത്തില്‍ രാഹുലും സോണിയാഗാന്ധിയും വിശദമായ തിരുമാനത്തിനായി വര്‍ക്കിംങ് കമ്മിറ്റിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. അതിനിടെ  സി.പി.എം ഉന്നത നേതാക്കള്‍ ഈ മാസം 17-18 ന് നയതിരുമാന സമിതി വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാവുമോയെന്ന് ആരായുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. യോഗത്തിന് മുന്നോടിയായി ബംഗാള്‍ പാര്‍ട്ടി ഘടകം ഇക്കാര്യത്തില്‍ തിരുമാനമെടുക്കുന്നതിനായി ഈ മാസം 12-13ന്് യോഗം ചേരും. തുടര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യുറോ 16നു ചേരും. സംസ്ഥാനത്തെ വിഷയത്തില്‍ ഉടനെ തിരുമാനുണ്ടാവുമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നയവിരുദ്ധമായി തിരുമാനങ്ങളുണ്ടാവില്ലെന്നും കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്.

അതെസമയം സി.പി.എം.കേരള ഘടകത്തിന്റെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണ്ണായകമായിരിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുഖ്യ ശത്രവായിരിക്കുമ്പോള്‍ ബംഗാളില്‍ സഖ്യമാവുകയെന്നത് അപ്രായോഗികമാണെന്നാണ് കേരളത്തിലെ ചില നേതാക്കളുടെ അഭപ്രായം. ഇക്കാര്യത്തില്‍ പ്ലീനത്തില്‍ പോലും തീരുമാനമാവാത്തതിനാല്‍ 17 -18നും ചേരുന്ന യോഗത്തിലെ തീരുമാനം നിര്‍ണായകമാകും.
കേരള ഘടകത്തിന്റെ പിന്തുണ നേടാന്‍ ബംഗാള്‍ ഘടകം ശ്രമങ്ങള്‍ തുടങ്ങിയതായാണ് സൂചനകള്‍. തൃണമുലിനെ പരാജയപെടുത്തി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കണമെന്നത് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതായി ബംഗാളിലെ ചില നേതാക്കള്‍ പല ആവര്‍ത്തികളായി  പറയുന്നു. എന്നാല്‍ കേന്ദ്ര നേതാക്കള്‍ ഇതുസംബന്ധിച്ച് ഇതുവരെ ഒരു തിരുമാനത്തിലെത്തിയിട്ടില്ല.

കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒരു പരിധിവരെ സമവായത്തിലെത്താന്‍ കഴിഞ്ഞെന്നാണ് രാഹുലമായി ബന്ധപെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന സൂചനകള്‍. ഇരുപാര്‍ട്ടികളും യോജിച്ചാല്‍ സിങ്കൂര്‍ പോലുളള വിഷയത്തിലെ നയങ്ങളെന്തായിരിക്കുമെന്നാണ് വ്യവസായിക ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *