ബംഗലൂരു: ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഷിമോഗയിലെ തിര്‍ത്ഥഹള്ളിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു 14കാരിയായ നന്ദിത. വിവാദമായ കേസ് 2014ല്‍ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നന്ദിത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
തിര്‍ത്ഥഹള്ളിയിലെ നന്ദിതയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു. നന്ദിതയുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ആരാണ് നന്ദിതയുടെ ഘാതകരെ സംരക്ഷിക്കുന്നത്. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കും. സമാനമായ എല്ലാ കേസുകളും പുനരന്വേഷിക്കും- അമിത് ഷാ പറഞ്ഞു.
മുസ്ലീം യുവാക്കളുടെ ശല്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ തുടര്‍ന്ന് നന്ദിത കേസ് സി ഐ ഡി അന്വേഷിച്ചിരുന്നു. എന്നാല്‍ പുതിയ സ്കൂളിലേയ്ക്ക് മാറ്റിയതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് സി ഐ ഡി കര്‍ണാടക സര്‍ക്കാരിന് നല്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വിഷം കഴിച്ചാണ് നന്ദിത ആത്മഹത്യ ചെയ്തത്. ചില മുസ്ലീം യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചതിനാലാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.
