ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്‍കി. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ സെെബര്‍ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു.
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശോഭന ജോര്‍ജ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് വേദി പങ്കിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വേദിയിലിരുന്ന നേതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ ശോഭനയും സന്നിഹിതയായിരുന്നു. സജി ചെറിയാന് വിജയം ആശംസിച്ച്, കൈയുയര്‍ത്തി ‘ലാല്‍സലാം’ പറഞ്ഞാണ് ശോഭന അന്ന് പ്രസംഗിച്ചത്.
ചെങ്ങന്നൂരില്‍ നിന്നു കോണ്‍ഗ്രസ് പ്രതിനിധിയായി 15 വര്‍ഷം നിയമസഭയിലിരുന്ന ശോഭന ജോര്‍ജ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 3966 വോട്ട് നേടി.
