ജൈനമതക്കാരനായ അമിത് ഷാ ഹിന്ദു വിരുദ്ധനാണെന്ന് സിദ്ധരാമയ്യ

ബംഗളൂരു: തന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അമിത് ഷാ ജൈന മതക്കാരനാണെന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. താന്‍ ഹിന്ദു വിരുദ്ധനാണോ അല്ലയോ എന്ന് അമിത് ഷാ സ്വയം മനസിലാക്കണം. ജൈനമതക്കാര്‍ ഒരിക്കലും ഹിന്ദുവാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിക്കാന്‍ എന്ത് അധികാരമാണ് അമിത് ഷായ്‌ക്കുള്ളത്. കര്‍ണാടകയിലെ കോണ്‍ഗ്രസിനെ ഭയപ്പെടുന്നത് കൊണ്ടാണ് അമിത് ഷാ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മുമ്ബ് ദേവനാഗരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ ദളിത് നേതാവല്ലെന്നും ഹിന്ദു വിരുദ്ധനാണെന്നും അമിത് ഷാ ആരോപിച്ചത്. ഹിന്ദുക്കളെ വിഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതെന്നും അമിത് ഷാ ആരോപിച്ചിരുന്നു. 2013ല്‍ യു.പിഎ സര്‍ക്കാരിന്റെ കാലത്ത് ഇതേ ആവശ്യം നിരസിച്ചപ്പോള്‍ സിദ്ധരാമയ്യ മിണ്ടാതിരുന്നതെന്തെന്നും അമിത് ഷാ ചോദിച്ചിരുന്നു.

അതേസമയം, കര്‍ണാടകയിലെ രണ്ട് ജെ.ഡി(എസ്) എം.എല്‍.എമാരും ഒരു കോണ്‍ഗ്രസ് എം.എല്‍.എയും നിയമസഭാംഗത്വം രാജി വച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നത് അധികാരം പിടിക്കാമെന്ന സിദ്ധരാമയ്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പോലും അറിയാതെയാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മാദ്ധ്യമങ്ങള്‍ വഴിയാണ് ഇവരുടെ രാജി വാര്‍ത്ത ഇരുപാര്‍ട്ടികളും അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *