ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം നിസാരമായി കാണരുതെന്ന് ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം നിസാരമായി കാണരുതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. എങ്ങനെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കൃത്യമായി അന്വേഷിച്ച്‌ കണ്ടെത്തണം. ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമേറിയ വിഷയമാണെന്നും അതിനെ നിസാരമായി കാണരുതെന്നും, പ്രശ്നത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നും അവര്‍ വ്യക്തമാക്കി.

പന്ത്രണ്ടാംക്ലാസിലെ സാമ്ബത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്‌ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചിരുന്നു.

ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാമ്ബത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *