ജുഡീഷ്യറിയിലും ആര്‍എസ്‌എസുകാരെ നിയമിക്കാന്‍ ശ്രമം -കപില്‍ സിബല്‍

ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയില്‍ ആര്‍.എസ്.എസ് പ്രത്യായശാസ്ത്രം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനസ്ഥാനങ്ങളില്‍ ബിജെപി നേരത്തെ ആര്‍.എസ്.എസുകാരെ നിയമിച്ചു. ഇപ്പോള്‍ ജുഡീഷ്യറിയിലും ഈ ശ്രമം നടപ്പാക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇത് അംഗീകരിക്കാനാവില്ല. എതിര്‍ക്കുക തന്നെ ചെയ്യും. ആവശ്യമെങ്കില്‍ നിയമപ്രശ്‌നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും അക്രമിച്ച്‌ കീഴ്‌പ്പെടുത്തികൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളേയും ജുഡീഷ്യറിയേയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളെ കുറിച്ച്‌ ജസ്റ്റിസ് ചെലമേശ്വര്‍ എഴുതിയ കത്ത് ആശങ്കപ്പെടുത്തുന്നതാണ്. ഓരോ സ്ഥാപനങ്ങളേയും വേട്ടയാടി പതുക്കെ പതുക്കെ തങ്ങളുടെ വരുതിയിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രധാനമന്ത്രി ആദ്യം പാര്‍ലമെന്റ് നശിപ്പിച്ചു. ഇപ്പോള്‍ മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കോടതികളില്‍ താല്‍പ്പര്യപ്രകാരമുള്ള നിയമനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിബല്‍ ആരോപിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്നിനിടയിലാണ് കപില്‍ സിബലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *