തിരുവനന്തപുരം: ലവ് ഡെയില്‍ റിസോര്‍ട്ട് ഒഴിപ്പിക്കല്‍ മൂന്നാര്‍ നടപടികളുടെ ഉയര്‍ത്തെഴുനേല്‍പ്പെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. രാഷ്ട്രീയ ഇച്ഛാശക്തിയും നടപടി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കപ്പെടും എന്നതിന്‍റെ ഉദാഹരണമാണിത്. അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിര്‍പ്പുകളുണ്ടാകും. പക്ഷെ, എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുത്തകപാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് കണ്ണദേവന്‍ ഹില്‍സ് വില്ലേജിലെ ലവ് ഡെയില്‍ റിസോര്‍ട്ട് രാവിലെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. റിസോര്‍ട്ട് പാട്ടവ്യവസ്ഥ ലംഘിച്ചതായി 2006ല്‍ കണ്ടെത്തി. തുടര്‍ന്ന് റിസോര്‍ട്ട് ഒഴിയാന്‍ റവന്യു വകുപ്പ് ഉടമക്ക് നോട്ടീസ് നല്‍കി. ഇത് പിന്നീട് കൈമാറ്റം ചെയ്‌തു. സര്‍ക്കാര്‍ നടപടിക്കെതിരെ റിസോര്‍ട്ട് ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 1948ല്‍ കുത്തകപാട്ട വ്യവസ്ഥയനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ ഭൂമിയും കെട്ടിടവുമാണ് ഇത്.
