മുസ്ലിം യുവതിക്ക് വൃക്ക പകുത്തു നല്‍കി വൈദികന്‍; മതത്തിന് അതീതമാണ് അവയവദാനമെന്ന് തെളിയിച്ച ജീവിതം

”ഒരിക്കല്‍ മാത്രമേ നാം ഈ ലോകത്തിലൂടെ കടന്നുപോകുകയുള്ളൂ. ഏതെങ്കിലും മനുഷ്യനു നന്മ ചെയ്യാനോ, കരുണ കാണിക്കാനോ കഴിയുന്നതിനെക്കാള്‍ മനോഹരമായ മറ്റെന്താണുള്ളത്.

അവയവദാനം മതത്തിന് അതീതമാണെന്നതിനു തെളിവാണല്ലോ ക്രൈസ്തവ പുരോഹിതനായ എന്റെ കിഡ്‌നി മുസ്ലിം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.” ദൈവീകമാണ് ഈ വൈദികന്റെ വാക്കുകള്‍. കഴിഞ്ഞ ക്രിസ്മസ്‌കാലത്താണ് വയനാട്ടിലെ ചീയമ്ബം പള്ളിയിലെ ഫാദര്‍ ഷിബു കുറ്റിപ്പറിച്ചേല്‍ തൃശൂര്‍ സ്വദേശിയായ ഹൈറുന്നിസയ്ക്ക് വൃക്ക ദാനം ചെയ്തത്.

സുല്‍ത്താന്‍ ബത്തേരിയിലെ പാലാക്കുനി എന്ന കൊച്ചുഗ്രാമത്തിലാണ് ഷിബു അച്ചന്‍ ജനിച്ചത്. അപ്പച്ചന്‍ യോഹന്നാന്‍ പരമ്ബരാഗത കര്‍ഷകന്‍. അമ്മച്ചി അന്നമ്മയും കാര്‍ഷിക കുടുംബത്തിലെ പിന്മുറക്കാരി. മുന്‍ തലമുറയില്‍ അച്ചന്മാര്‍ ഉണ്ടായിരുന്നെങ്കിലും വലിയൊരു ഇടവേളയ്ക്കു ശേഷം വൈദികവൃത്തി സ്വീകരിക്കുന്ന ആളാണ് താനെന്ന് ഷിബു അച്ചന്‍ പറയുന്നു.

”നാലു മക്കളില്‍ ഏറ്റവും ഇളയതാണ് ഞാന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു പള്ളിയില്‍ അള്‍ത്താര ബാലനായിരുന്നു. മലബാറിലെ ആദ്യത്തെ യാക്കോബായ പള്ളിയാണ് ഞങ്ങളുടെ മലങ്കരക്കുന്ന് സെന്റ് തോമസ് പള്ളി. സണ്‍ഡേ സ്‌കൂളിലെ ടീച്ചര്‍മാരും പള്ളി വികാരിയായിരുന്ന ഫിലിപ് ജോണ്‍ മൈക്കോട്ടുംകര അച്ചനും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

പള്ളി പെരുന്നാളിന് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് വലിയ തിരുമേനി വരുമായിരുന്നു. ആത്മീയപ്രകാശം തുളുമ്ബുന്ന ആ വരവ് തന്നെ ഒരു കാഴ്ചയാണ്.

അദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെ പുതിയ അറിവുകളും ദൈവകാര്യങ്ങളും കേള്‍ക്കുമ്ബോള്‍ ആ ചൈതന്യം നമ്മെ മാറ്റിമറിക്കും. അധ്യാപകനാകണമെന്നും അച്ചനാകണമെന്നും മോഹമുണ്ടായിരുന്നു. അച്ചനായാല്‍ അവിവാഹിതനായിരിക്കണമെന്നും.
ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിഎസ്സി പാസായ ശേഷമാണ് സെമിനാരിയില്‍ ചേരാന്‍ മോഹമുണ്ടെന്ന് പറയുന്നത്. അച്ഛനും അമ്മയ്ക്കും എതിര്‍പ്പില്ല. മൂത്ത സഹോരന്‍ ഷാ ജി പിഡബ്ല്യുഡി ഓവര്‍സിയറാണ്. രണ്ടാമത്തെയാള്‍ കുര്യാച്ചനു ട്രാക്ടറും കൃഷിയുമൊക്കെയുണ്ട്. ചേച്ചി സൂസനെ നേരത്തേ വിവാഹം ചെയ്തയച്ചു.

സഹോദരങ്ങളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയ ശേഷം എറണാകുളത്ത് വെട്ടിക്കല്‍ സെമിനാരിയില്‍ തിയോളജി പഠിക്കാന്‍ ചേര്‍ന്നു. ബിരുദത്തിനു ശേഷം ബെംഗളൂരുവില്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. ഈ കാലത്ത് വിവാഹം ചെയ്യാന്‍ നിര്‍ബന്ധമുണ്ടായിരുന്നു.

ഞങ്ങളുടെ സഭയില്‍ വൈദികനായാലും വിവാഹം കഴിക്കാം. ദൈവം കനിഞ്ഞുനല്‍കിയ തീരെ ചെറിയ ജീവിതം പങ്കുവയ്ക്കാനും മാത്രമില്ലല്ലോ എന്നുകരുതിയാണ് അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത്. അക്കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക് ചെറിയ സങ്കടം ഉണ്ടായിരുന്നു. ഇടയ്ക്ക് ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയെങ്കിലും അതിനു സാധിച്ചില്ല.

വൈദികപട്ടം സ്വീകരിച്ച ശേഷം ചാര്‍ജെടുക്കുന്നത് അടുത്തുതന്നെയുള്ള തോട്ടാമൂല പള്ളിയിലായിരുന്നു. 49 കുടുംബങ്ങള്‍ മാത്രമുള്ള ഇടവകയിലെ അംഗങ്ങള്‍ക്ക് അച്ചന്‍ ദൈവതുല്യനാണ്. പക്ഷേ, ഏഴര മാസമേ അവിടെ നിന്നുള്ളൂ.

സെമിനാരിയില്‍ പഠിക്കുന്ന കാലത്താണ് കൂടെയുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണോടിക്കാന്‍ അവസരമുണ്ടായത്. വളരെ ദയനീയമായ ചുറ്റുപാടില്‍ നിന്നു വരുന്നവര്‍ ഹോസ്റ്റലിലുണ്ട്. പക്ഷേ, അഭിമാനബോധം കൊണ്ട് ആരും പറയില്ല. അവരെ സഹായിക്കാന്‍ ഞാനും കുറച്ചുപേരും മുന്നിട്ടിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *