വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല;രവിശങ്കര്‍ പ്രസാദ്

ബെംഗളൂരു: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. എന്റെ വ്യക്തിപരമായ അഭിപ്രായം ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുത് എന്നാണ്. എന്നാല്‍ ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബെംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലും അവര്‍ കാണുന്ന സിനിമകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുകയാണെന്ന് നമ്മുടെ ശത്രുക്കള്‍ പറയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. ക്ഷേമ പദ്ധതികlളുടെ നേട്ടങ്ങള്‍ നടപ്പാക്കാന്‍ ഇതിന് സാധിക്കും. നരേന്ദ്ര മോദിയുടെയും മന്‍മോഹന്‍ സിങിന്റെയും ആധാര്‍ പദ്ധതികളില്‍ വ്യക്തമായ വ്യത്യാസമുണ്ട്. മന്‍മോഹന്റെ ആധാറിന് നിയമത്തിന്റെ പിന്തുണയില്ലായിരുന്നു. എന്നാല്‍ മോദിയുടെ ആധാര്‍ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് നല്‍കുന്നെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.

ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി 80 കോടിയോളം മൊബൈല്‍ നമ്ബറുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *