ലക്നൗ: മോഡി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ റാലി നയിച്ച് സ്വന്തം പാര്‍ടി എംപി. ഉത്തര്‍പ്രദേശിലെ ബഹ്റയ്ച്ച് മണ്ഡലത്തിലെ ബിജെപി എംപി സ്വദ്വി സാവിത്രി ഭായ് ഫൂലേ ആണ് സ്വന്തം സര്‍ക്കാരിനെതിരെ റാലി സംഘടിപ്പിച്ചത്.
എസ്എസി, എസ്ടി വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സംവരണം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സര്‍ക്കാരിനെതിരെ സ്വന്തം എംപി റാലി നയിച്ചത്. ‘ഭാരതീയ സംവിധാന്‍ അരക്ഷന്‍ ബച്ചാവോ അന്തോളന്‍’ എന്ന പേരില്‍ ലക്നൗവിലെ കന്‍ഷി റാം ശാന്തി ഉപവനില്‍ ആണ് വന്‍ റാലി സംഘടിപ്പിച്ചത്.
റാലിയെ അഭിസംഭോധന ചെയ്തു സംസാരിച്ച സാവിത്രി, ബിജെപി സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചു. ഉത്തര്‍പ്രദേശില്‍ ഭരണഘടനാ ശില്പി ബി ആര് അംബേദ്ക്കറിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടതില്‍ ബിജെപിയും സംസ്ഥാന സര്‍ക്കാരും മൗനം പാലിക്കുകയാണ് ഇതിനെതിരെ ഒരു നടപടിയും കൈകൊണ്ടില്ല. എസ്സി എസ്ടി വിഭാഗത്തിന് സംവരണം ഉറപ്പാക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല, പോരാത്തിന് സംവരണം എടുത്തുകളയുന്നതടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
”ഞാന്‍ ബിജെപി എംപി ആണെന്ന കാര്യം മറക്കുന്നില്ല, എന്നിരുന്നാലും ഭരണഘടന നശിപ്പിക്കാന്‍ നടത്തുന്ന ഗൂഢാലോചന കണ്ടില്ലെന്ന് നടിക്കാനാവില്ല” -സാവിത്രി പറഞ്ഞു.
ദളിതുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും നിരന്തരമായി ബിജെപി നേതാക്കള്‍ നടത്തുന്ന ദളിത് വിരുദ്ധ പരാമര്ളങ്ങളുമാണ് സാവിത്രിയെ ഇത്തരമൊരു റാലി നടത്താന്‍ പ്രേരിപ്പിച്ചത്. സ്വന്തം പാര്‍ട്ടിക്കെതിരെ ഇത്രയും ശക്തമായ പ്രതിഷേധ റാലി സംഘടിപ്പിച്ചതില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംപിക്കെതിരെ നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
