വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു

മലപ്പുറം കോഡൂര്‍ വലിയപറമ്പ് സ്വദേശി ആമിയന്‍ ഷംനാദ് എന്ന കുങ്കന്‍ ബാവ (25 വയസ്സ്) എന്നയാളാണ് പിടിയിലായത്.
2015 ല്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്.
ഒരു പരാതി അന്വേഷണത്തിനായ വന്ന പോലീസ് ഉദ്യോഗസ്ഥരെ മലപ്പുറം കോഡൂരില്‍ വെച്ച് പ്രതിയും സംഘവും ചേര്‍ന്ന് ആക്രമിക്കുകയും വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. ഇക്കാര്യത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതാണ്.
പിന്നീട് ആഴ്ചകള്‍ക്ക് ശേഷം രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വാസസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഇയാളും അമ്മയും ചേര്‍ന്ന് ആക്രമിക്കുകയും ആ തക്കത്തിന് ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ കേസില്‍ ഇയാളുടെ അമ്മയെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു.
എന്നാല്‍ പ്രതി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ പേരില്‍ കോടതിയില്‍ നിന്നും ലോങ് പെന്‍റിംഗ് വാറണ്ട് ഉത്തരവായിരുന്നു.
പിന്നീട് ഇയാള്‍ തിരികെ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ കൊളത്തൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ടും രണ്ട് മോഷണക്കേസുകളുമുള്‍പ്പെടെ എട്ട് കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെല്ലാം ഇയാളുടെ പേരില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ട്. അതില്‍ തന്നെ മൂന്നെണ്ണം താരതമ്യേന ഗൌരവം കൂടിയ ലോങ് പെന്‍റിംഗ് വാറണ്ടുകളാണ്.
മലപ്പുറം സിഐ പ്രേംജിത്തിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ-മാരായ ബി.എസ്. ബിനു, ടി. അബ്ദുല്‍ റഷീദ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എന്‍.എം. അബ്ദുല്ല ബാബു, ഋഷികേഷ്, ജിതേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *