ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോപരിപാടിയായ മന്‍ കി ബാത്തിനെക്കുറിച്ചുള്ള പുസ്തകമായ ‘മന്‍ കി ബാത്ത് : എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകം എഴുതിയതാര് എന്നതിനെച്ചൊല്ലി വിവാദം. പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന രാജേഷ് ജെയിന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
രാജേഷ് ജെയിന്‍ എന്റെ സുഹൃത്താണ്. പുസ്തക പ്രകാശന ചടങ്ങിലേയ്ക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നുവന്നും ചടങ്ങില്‍വെച്ച് ഒരു പ്രസംഗം വായിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ജെയിന്‍ പറഞ്ഞതായി അരുണ്‍ ഷൂരി പറഞ്ഞു.
ഷൂരിയുടെ വെളിപ്പെടുത്തലിനെ രാജേഷ് ജെയിന്‍ സ്ഥിരീകരിച്ചു. മന്‍ കി ബാത്തിന്റെ രചയിതാവല്ലെന്നും രചയിതാവിന്റെ സ്ഥാനത്ത് തന്റെ പേര് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും ജെയിന്‍ പറഞ്ഞതായും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. മന്‍ കി ബാത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന്റെ ചുമതക്കാരായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു ജെയിന്‍. എന്നാല്‍ പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്നോട് ആവശ്യപ്പെട്ടു. അവിടെ എന്റെ പേര് പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിലായുരുന്നു രേഖപ്പെടുത്തിയിരുന്നത്. ആ ചടങ്ങില്‍ തന്നെ പുസ്തകത്തത്തിന്റെ രചയിതാവ് ഞാനല്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫീസും നരേന്ദ്രമോദിയുടെ വെബ് സൈറ്റിലും രചയിതാവിന്റെ സ്ഥാനത്ത് തുടരുകയാണ്.’ – ജെയ്ന്‍ പറഞ്ഞു. പുസ്തകം എഴുതിയത് ആരാണെന്നോ എന്തിനാണ് എഴുത്തുകാരന്റെ സ്ഥാനത്തെ തന്റെ പേര് രേഖപ്പെടുത്തിയതെന്നോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകത്തെക്കുറിച്ച് മൂന്ന് പത്രക്കുറിപ്പുകള്‍ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിരുന്നു. ആദ്യത്തേതില്‍ രാജേഷ് ജെയിന്റെ പുസ്തകമെന്നും രണ്ടാമത്തെതില്‍ രാജേഷ് ജെയിന്‍ എഴുതിയ പുസ്തകമെന്നും മൂന്നാമത്തെതില്‍ രാജേഷ് ജെയിന്‍ സമാഹരിച്ച പുസ്തമെന്നുമാണ് നല്‍കിയിരുന്നത്. ആമസോണ്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ എഴുത്തുകാരന്റെ പേരില്ല.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത് പോലെ രാജേഷ് ജെയിനാണ് പുസ്തം സമാഹരിച്ചതെന്നും അയാളെ പുസ്തകത്തിന്റെ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന രാജേഷ് ജെയിന്റെ വാദവും അദ്ദേഹം തള്ളി.
