തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കി. വി.ടി ബല്‍റാമിന്റെ ഒറ്റപ്പെട്ട എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് സഭ ബില്‍ പാസാക്കിയത്.
പ്രൊഫഷണല്‍ മെഡിക്കല്‍ കോളജുകളിലെ കച്ചവട താല്‍പര്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണെന്നും അതിനെ സാധൂരിക്കുന്നത് ദുരുദേശപരമാണെന്നും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം വിമര്‍ശനം ഉച്ചയിച്ചു. എന്നാല്‍ ഇതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഖണ്ഡിച്ചു.
വിദ്യാര്‍ഥികളുടെ താല്‍പതര്യത്തെ കരുതിയാണ് ബില്‍ കൊണ്ടുവരുന്നതെന്നും ബോധപൂര്‍വ്വം ഇത്തരം പ്രചാരണങ്ങള്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ചെന്നിത്തല മറുപടി നല്‍കി.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കവേയാണ് ബില്‍ ഐക്യകണേ്ഠന പാസാക്കിയത്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്ന് പ്രതികൂല തീരുമാനമുണ്ടായാല്‍ അത് ബില്ലിന്റെ ഭാവിയും ഇല്ലാതാക്കും.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 118 വിദ്യാര്‍ത്ഥികളുടെയും കരുണയിലെ 31 വിദ്യാര്‍ത്ഥികളുടെയും ഭാവിയെ കരുതിയാണ് ബില്‍ കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയവും സഭ ഐക്യകണേ്ഠന പാസാക്കി. സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ സമാപന ദിവസം കൂടിയായ ഇന്ന് സഭ കാര്യമായ ബഹളങ്ങള്‍ ഒന്നുമില്ലാതെയാണ് നടന്നത്.
