എല്ലാ വഴികളും ശംഖുമുഖത്തേക്ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ കേരള യാത്രക്ക് ശംഖമുഖം കടപ്പുറത്ത് കൊടിയിറക്കം.വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപനസമ്മേളത്തിനായി ഒരുങ്ങള്‍ പൂര്‍ത്തിയായി. സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങളിലായി തലസ്ഥലത്തെത്തി കൊണ്ടിരിക്കുകയാണ്. മലബാറില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ ട്രെയിന്‍ മാര്‍ഗം ഇന്ന് രാവിലെ എത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് ബസുകളിലായി ഇന്ന് കാലത്ത് പുറപ്പെട്ടവര്‍ വൈകുന്നേരത്തോടെ ശംഖുമുഖത്തെത്തും.

pkk 02മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിച്ച യാത്രയുടെ സമാപനം ശംഖുമുഖം കടപ്പുറത്തെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയിലാണ് നടക്കുന്നത്. വൈകിട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് സമരത്തിന്റെ രക്തസാക്ഷി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സഹോദരന്‍ രാജ വെമുലയും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

സൗഹൃദം, സമത്വം, സമന്വയം എന്നീ മുദ്രാവാക്യമുയര്‍ത്തി ജനുവരി 24ന് കാസര്‍കോട്ടെ ഹൊസങ്കടിയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 14 ജില്ലകളിലായി നൂറോളം കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു. ഭീകരത ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ യാത്രക്ക് കഴിഞ്ഞതായി ഇ.ടി.മുഹമ്മദ് ബഷീര്‍,കെ.പി.എ.മജീദ് എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *