കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളുടെ ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. ഓഡിറ്റിങ് നടത്താന്‍ പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. മെയ് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ആദിവാസി ക്ഷേമപദ്ധതികള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയാണോ, പദ്ധതികള്‍ ആദിവാസികളിലേക്ക് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഓഡിറ്റിങില്‍ പരിശോധിക്കും.
ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് സുരേന്ദ്രമോഹന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. കേസില്‍ അഡ്വ. ദീപക്കിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് 2006 മുതല്‍ ആദിവാസികള്‍ക്കായി അനുവദിച്ച ക്ഷേമപദ്ധതികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം യഥാര്‍ത്ഥ അവകാശികളിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയാന്‍ ഓഡിറ്റിങ് ആവശ്യമാണെന്ന് അമിക്കസ് ക്യൂറി ഇന്ന് കേസ് പരിഗണിക്കവെ കോടതിയെ അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
