കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയിലേക്ക്. കണ്ണൂര്‍ കരുണ ഉള്‍പ്പെടെയുള്ള ഇരുപതോളം കോളേജുകളാണ് വിദ്യാര്‍ത്ഥികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫീസ് 11 ലക്ഷ്യമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത്. ഈ ഫീസ് വര്‍ധന നിലവില്‍ വന്നാല്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കും. പ്രവേശന മേല്‍ നോട്ട സമിതിയുടെ നിര്‍ദേശ പ്രകാരം പ്രതിവര്‍ഷം 5.6 ലക്ഷം രൂപയാണ് ഫീസായി വാങ്ങാന്‍ കഴിയുന്നത്. ഈ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം.
ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്നാല്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രീംകോടതിയില്‍ നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ അനുഭാവ പൂര്‍വം പരിഗണിച്ച സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ മാനേജുമെന്റുകളുടെ നീക്കം.
