കുളിച്ചു കൊണ്ടിരുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: 24കാരന് 14 വര്‍ഷം കഠിനതടവ്

തൊടുപുഴ: ആദിവസിയായ 65കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും. ആനവിലാസം വില്ലേജ് ചപ്പാത്ത് കന്നിക്കല്ല് കാരയ്ക്കാട്ട് വീട്ടില്‍ സോബിന്‍(24) ആണ് പിടിയിലായത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസം കൂടി തടവ് അനുഭവിക്കണം.

2015 ജൂലയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ കടന്നു പിടിച്ച പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കത്തിവെച്ച്‌ വീട്ടിനുള്ളിലേയ്ക്ക് പിടിച്ചു കയറ്റി കൊല്ലുമെന്ന് പറഞ്ഞായിരുന്നു ആക്രമണം. വീട്ടമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ ഇരയായ സ്ത്രീയും അയല്‍വാസികളും കോടതിയില്‍ തിരിച്ചറിഞ്ഞു.

ബലാത്സംഗശ്രമം കൂടാതെ വീട്ടില്‍ അതിക്രമിച്ച്‌ കയറ്റം, വധഭീഷണി, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍കൂടി പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. ഉപ്പുതറ പോലീസാണ് കേസെടുത്തത്. അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സോബിന്‍ പോലീസുകാരനെ കടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസിലെ പ്രതിയാണ്. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *