അടിസ്ഥാനസൗകര്യത്തിന് കൈയ്യയച്ച്, ജനപ്രിയം

ജോര്‍ജ് ജോണ്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച നിലവിലെ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ കര്‍ഷകന് തുണയും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നലും. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനമായ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഈ സാമ്പത്തിക വര്‍ഷം 1000 സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാനുള്ള സഹായം ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 25 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി നല്കുന്നത്.

തിരുവന്തപുരം -കാസര്‍കോട് അതിവേഗ റെയില്‍ഇടനാഴി നടപ്പാക്കുമെന്നതാണ് പ്രധാന മറ്റൊരു ബജറ്റ് പ്രഖ്യാപനം. സാംപിട്രോഡ മുന്നോട്ട് വെച്ച 10 നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ട നോളെജ് സിറ്റി തിരുവന്തപുരത്ത് സ്ഥാപിക്കും. ടെക്്‌നോപാര്‍ക്കിന്റെ പള്ളിപ്പുറത്തെ ടെക്‌നോ സിറ്റിയില്‍ 150 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. കളമശ്ശേരിയിലെ ഇന്നവേഷന്‍ സോണില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിനായി 60 കോടി, ചെങ്ങന്നൂരില്‍ സൈബര്‍പാര്‍ക്ക് ഈ വര്‍ഷം തുടങ്ങുമെന്നതും ബജറ്റ് പ്രഖ്യാപനം. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിനായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ മണപ്പുറത്തേക്കുള്ള നൂറാമത്തെ പാലം ഈ സാമ്പത്തിക വര്‍ഷം തുറന്നുകൊടുക്കും.ചെന്നിത്തലയില്‍ അഗ്രോപോളിടെക്‌നിക് സ്ഥാപിക്കും. ഡല്‍ഹി മാതൃകയില്‍ പരിസ്ഥിതി സൗഹൃദ സി എന്‍ ജി ബസുകള്‍ വാങ്ങാന്‍ 19. 67 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കൊച്ചിയിലാവും സംസ്ഥാനത്താദ്യമായി സി എന്‍ ജി ബസുകള്‍ സര്‍വീസ് നടത്തുക. ശ്രീനാരായണമ്യൂസിയം ശിവഗിരിയില്‍ സ്ഥാപിക്കും. ഓരോ വീട്ടിലും രണ്ട് എല്‍ ഇ ഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിയിലൂടെ ഊര്‍ജ്ജ സംരക്ഷണവും ലക്ഷ്യമിടുന്നു. 150 കോടി രൂപ ഇതിന് വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *