കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ത്ത സിപി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരായി. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പി ജയരാജന്‍ വെള്ളിയാഴ്ച 9.30 ഓടെ ആശുപത്രി വിട്ടു. എം വി ജയരാജന്‍ ഉല്‍പ്പെടെയുളള നേതാക്കളോടൊപ്പമാണ് ജയരാജന്‍ ആശുപത്രിയില്‍ നിന്നും വിട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആംബുലന്‍സിലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. കതിരൂര്‍ മനോജ് കേസ്സില്‍ ഇരുപത്തി അഞ്ചാം പ്രതിയായാണ് സി ബി ഐ ജയരാജെനെ പ്രതിചേര്‍ത്തിട്ടുളളത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയ സാഹചര്യത്തില്‍ സിബിഐ അറസ്റ്റ് ഒഴിവാക്കാനാണ് പി ജയരാജന്‍ കോടതിയില്‍ ഹാജരായത്.
