ദളിത്പീഡനം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കും: ആന്റണി

തിരുവനന്തപുരം: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്ക് അറുതി വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ശക്തമായ നിയമസംവിധാനം നിലനില്‍ക്കുമ്‌ബോഴാണ് ദളിതര്‍ക്കെതിരായ ഈ അതിക്രമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവര്‍ഗ ഐക്യദാര്‍ഢ്യ കൂട്ടായ്മ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

ഹീനമായ ജാതി ചിന്ത നിലനില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് കൈക്കൊണ്ടിരുന്നത്. ദളിതരോട് കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ ഇടപെടാമായിരുന്നു. പ്രഗത്ഭ അഭിഭാഷകരെ നിയോഗിച്ച് വിധി റദ്ദാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ദളിത് ഐക്യവേദി നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് തരംതാണ നടപടിയായിപ്പോയി. കേരളത്തില്‍ പുതുമയുള്ള കാര്യമല്ല ഹര്‍ത്താല്‍. മറ്റുള്ളവര്‍ ഹര്‍ത്താല്‍ നടത്തുമ്‌ബോള്‍ ദളിതര്‍ക്ക് അത് പാടില്ലെന്നത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ ദളിത് പീഡനമാണ്. അഭ്യസ്തവിദ്യരായ ദളിതര്‍ക്ക് വേണ്ടത്ര തൊഴിലവസരമില്ല. ശ്രീനാരായണ ഗുരുദേവന്റെ നാട്ടിലാണ് ജാതിമത വിദ്വേഷം വര്‍ദ്ധിക്കുന്നത്. സാമൂഹ്യപരിഷ്‌കരണത്തിനും നവീകരണത്തിനുമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

ദളിതര്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി യ്യാറാകുന്നില്ലെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തികഞ്ഞ ആശങ്കയിലാണ് ദളിത് സമൂഹം. ജനക്കൂട്ടത്തിന് ആരെയും തല്ലിക്കൊല്ലാവുന്ന സ്ഥിതി. സര്‍ക്കാര്‍ സമീപനങ്ങളുടെ പ്രതിഫലനമാണ് അട്ടപ്പാടിയിലെ മധുവിന്റെ മരണം. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ മോദിക്കും പിണറായിക്കും ഒരേമനസാണെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *