തിരുവനന്തപുരം: ദേശീയപാത നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പൊതുപരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സര്‍വേ നടപടിയലും കല്ലിടലും നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി ചില വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് മന്ത്രി വ്യക്തമാക്കി. നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പുനഃപരിശോധിക്കുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വികസനത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്നതിന് പകരം സര്‍ക്കാരിനെതിരെ നടത്തുന്ന തെറ്റായ പ്രചാരവേലകള്‍ ശരിയാണോയെന്ന് മാധ്യമ സുഹൃത്തുക്കള്‍ ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു. ചേര്‍ത്തല, കഴക്കൂട്ടം ദേശീയപാതയില്‍ ഭൂമിയെടുപ്പ് അടയാളപ്പെടുത്താനുള്ള കല്ലുകള്‍ ടെണ്ടര്‍ ചെയ്ത് ലഭിക്കാനുണ്ടായ താമസം മാത്രമാണുണ്ടായത്. അടുത്ത ആഴ്ച തന്നെ സര്‍വേ നടപടികള്‍ ആരംഭിക്കും. തനിക്ക് ലഭിച്ച പരാതികള്‍ ആവശ്യമായ പരിശോധനയ്ക്കായി ദേശീയപാത ഭൂമിയെടുപ്പിനായി നിയോഗിച്ച സംസ്ഥാനതല ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്. സര്‍വേ ആരംഭിക്കുമ്ബോള്‍ പരാതിയിലെ ആക്ഷേപങ്ങള്‍ കൂടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്തെ പരാതി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഈ മാസം 11ന് ജനപ്രതിനിധികളുടെ യോഗം ചേരുന്നുണ്ട്. സര്‍ക്കാരിന് യാതൊരു വാശിയുമില്ല. വികസനം നഷ്ടപ്പെടരുതെന്ന് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇല്ലാത്ത വാര്‍ത്തകള്‍ സര്‍ക്കാരിന്റേതെന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
