കൊച്ചി: ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു. കൂടാതെ എസ്പി എ.വി ജോര്‍ജിനെ ഉടന്‍ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനം മൂലമാണെന്നുമുള്ള നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. അതേസമയം, ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരും ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരാണ്. ഇവര്‍ക്കെതിരെ ശ്രീജിത്തിന്റെ ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.
കസ്റ്റഡിയില്‍ ശ്രീജിത്ത് അതിക്രൂരമായ മര്‍ദനം ഏറ്റാണ് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അടിവയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റു. കുടല്‍ മുറിയുകയും, തന്മൂലം ഉണ്ടായ അണുബാധയുമാണ് മരണത്തിനിടയാക്കിയത്. വൃക്ക, കരള്‍ എന്നിവ അടക്കം പ്രധാന ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. എന്നാല്‍ സ്‌റ്റേഷിനിലെ സാഹചര്യങ്ങള്‍ വെച്ച് അവിടെവെച്ച് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ലെനനാണ് നിഗമനം അതുകൊണ്ടുതന്നെ കൂട്ടുപ്രതികളെ അടക്കം വിശദമായി ചോദ്യം ചെയ്യും. ഇവരുടെ സാന്നിധ്യത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകണം.
