ജമ്മുവിലെ കഠ്വയില് എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ പോവുന്നതിനും ആലോചിക്കുന്നുണ്ടെന്നും മജീദ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് സംഘടിതവും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ മുസ്ലിം ലീഗ് മുന്നില്‍ ഉണ്ടാകുമെന്നും മജീദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
