സമരം അവസാനിപ്പിച്ച്‌ വന്നാല്‍ ചര്‍ച്ച; സമരത്തെ നേരിടും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തിവന്നാല്‍ മാത്രം ചര്‍ച്ച നടത്താമെന്നുമാണ് ധാരണയായത്. കൂടാതെ നോട്ടീസ് നല്‍കാത്ത സമരത്തെ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരം നേരിടാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. അതേസമയം അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി. ഇതിനിടെ ഐ എം എ ഇടപെട്ടുള്ള അനുനയശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച്‌ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു. പണിമുടക്ക് നിയമവിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്ബളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച മൂന്ന് നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.എന്നാല്‍ പ്രബേഷനിലുള്ള ഡോക്ടര്‍മാരെ സ്ഥലം മാറ്റാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കെ.ജി.എം.ഒക്ക് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചാല്‍ കൂട്ടരാജിവെക്കുന്നൊണ് കെ.ജി.എം.ഒയുടെ മുന്നറിയിപ്പ്.

നാലു ദിവസമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. ഒ.പി സമയം ദീര്‍ഘിപ്പിച്ചതിനെതിരെയാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളില്‍ സായാഹ്‌ന ഒ.പി കൂടി നടത്താന്‍ ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരത്തിലുള്ളത്. അത്യാഹിത വിഭാഗമൊഴികെ ഒ.പികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *