കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങി ഒരു മാസത്തേക്ക് റിമാന്റിലായ സി പി എം നേതാവ് പി ജയരാജനെ വിടാതെ സി ബി ഐ. ആരോഗ്യ കാരണങ്ങളാല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലേക്ക് മാറ്റിയതോടെയാണ് സി ബി ഐ ഇടപെടല്‍. പി ജയരാജനെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ക്ക് സി ബി ഐ നോട്ടീസ് നല്കി കഴിഞ്ഞു. ഹൃദ്രോഗവിദഗ്ധന് ഡോ. അഷ്റഫിനോടാണ് തിങ്കളാഴ്ച സി ബി ഐക്ക് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടി ആലോചനക്കൊടുവില്‍ വെള്ളിയാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരായ ജയരാജന് പരിയാരം ആശുപത്രി വിട്ട ഉടന്‍ സി ബി ഐ സംഘം ആശുപത്രിയിലെത്തി ചികിത്സിച്ച ഡോക്ടറില്‍ നിന്ന് വിശദാംശങ്ങള്‍ രേഖാമൂലം എഴുതി വാങ്ങിയിരുന്നു.
ജയരാജന് സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നുവെന്ന് സി ബി ഐക്ക് ബോധ്യമായിട്ടുണ്ട്. എന്നാല്‍ കീഴടങ്ങിയ ശേഷം ജയില്‍ ഡോക്ടര്‍ വീണ്ടും ജയരാജനെ പരിയാരം മെഡിക്കല്‍ കോളെജിലേക്ക് അയച്ചതിലെ ഗൂഡാലോചന പൊളിക്കാനാണ് സി ബി ഐ ശ്രമം. ജയരാജനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയതിനെതിരെ ആര് എസ് എസ് ബി ജെ പി വഴി നീക്കം നടത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ആര് എസ് എസിനെതിരെ നിലപാടെടുത്ത ജയരാജന് ചികിത്സയുടെ പേരില്‍ ലഭിക്കുന്ന സൗജന്യങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര ആര് എസ് എസ് നേതൃത്വം കൃത്യമായ ഇടപെടലാണ് നടത്തുന്നത്. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് ഡോക്ടറെ ചോദ്യം ചെയ്യുന്നത്. ഡോക്ടറുടെ ചോദ്യം ചെയ്യലിന് പിന്നാലെ ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാനാണ് സി ബി ഐ ശ്രമം.
