ക്ഷീര മേഖലയില്‍ സ്വയംപര്യാപ്തമാകും

മലപ്പുറം: പാലിന്റെ കാര്യത്തില്‍ അടുത്ത വര്‍ഷത്തോടെ കേരളം സ്വയം പര്യാപ്തമാകുമെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നമുക്ക് ആവശ്യമുള്ള പാലിന്റെ 80?     മുതല്‍ 85 ശതമാനം വരെ നിലവില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷണത്തിന് ആവശ്യമുള്ള അരി, മുളക്, ഉള്ളി, പഞ്ചസാര തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യേണ്ടി വരുമ്പോള്‍ പാലുത്പാദനത്തില്‍ മാത്രം നാം സ്വയംപര്യാപ്തത കൈവരിക്കുന്നത് ക്ഷീര കര്‍ഷകരുടെയും ക്ഷീര സംഘങ്ങളുടെയും ശ്രമഫലമായാണെന്നും മന്ത്രി ആര്യാടന്‍ പറഞ്ഞു. നാലു ദിവസമായി നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല ക്ഷീര കര്‍ഷക സംഗമത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ലെന്നതാണ് കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വിപണിയാണ് കൃഷി ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. എന്നാല്‍ പാലിന്റെ വില നിശ്ചയിക്കാന്‍ സര്‍ക്കാറിനുണ്ടായിരുന്ന അധികാരം എടുത്തു മാറ്റി അത് ഉത്പാദക സംഘങ്ങള്‍ക്ക് നല്‍കാന്‍ മില്‍മയുടെ ഇടപെടലിലൂടെ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇത്തരത്തില്‍ മുഴുവന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെയും വിലനിര്‍ണയാധികാരം ഉത്പാദക സംഘങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും കാര്‍ഷിക മേഖലയുടെ രക്ഷയ്ക്ക് ഇത് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുറഞ്ഞ മുതല്‍ മുടക്കിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴിലും ഉപതൊഴിലും നല്‍കാന്‍ കഴിയുന്നതാണ് ക്ഷീര മേഖല. കേരളത്തില്‍ 3.5 ലക്ഷത്തില്‍ പരം ക്ഷീര കര്‍ഷകരും 36,000 ത്തില്‍പരം ക്ഷീര സംഘങ്ങളുമുണ്ട്. ക്ഷീര കര്‍ഷക പെന്‍ഷന്‍ 500 ല്‍ നിന്ന് 50 ശതമാനം വര്‍ധനയോടെ 750 രൂപയായി പുതിയ ബജറ്റില്‍ വര്‍ധിപ്പിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ സമാപന സംഗമത്തില്‍ അധ്യക്ഷനായി. മികച്ച ക്ഷീര കര്‍ഷകര്‍ക്കുളള ക്ഷീര സമൃദ്ധി, മികച്ച വനിതാ ക്ഷീരകര്‍ഷര്‍കയ്ക്കുളള  ക്ഷീരരത്‌ന അവാര്‍ഡുകള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി. എന്നിവര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, നിലമ്പൂര്‍ നഗരസഭാ അധ്യക്ഷ പത്മിനി ഗോപിനാഥ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.ടി. സരോജിനി, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി. ജെയിംസ്, ഷേര്‍ളി വര്‍ഗീസ്, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. . ‘ക്ഷീര സംഘങ്ങള്‍ വൈവിധ്യവത്ക്കരണത്തിന്റെ പാതയില്‍’, ‘ആധുനിക പരിചരണ മുറകള്‍’ എന്നിവയെ കുറിച്ച് ക്ഷീരവികസന  ഡെപ്യൂട്ടി ഡയറക്ടര്‍ എം. പ്രകാശ്, സീനിയര്‍ വൈറ്ററിനറി സര്‍ജന്‍ ഡോ. അയൂബ് എന്നിവര്‍  ക്ലാസെടുത്തു.

ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തിനുളള ക്ഷീരധാര അവാര്‍ഡ്, പട്ടികജാതി  വിഭാഗത്തിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്കുളള ക്ഷീര കേസരി അവാര്‍ഡ്, മികച്ച ഗുണമേ•യുളള പാല്‍ സംഭരിച്ച സംഘത്തിനുളള വൈറ്റ് ഗോള്‍ഡ് അവാര്‍ഡ്, മികച്ച  ക്ഷീരസംഘത്തിനുളള ഇന്നെവേഷന്‍ അവാര്‍ഡ്, ക്ഷീര കര്‍ഷക  രംഗത്ത് വിശിഷ്ട സേവനം അനുഷ്ഠിച്ച സഹകാരികള്‍ക്കുളള കര്‍മ ശ്രേഷ്ഠ അവാര്‍ഡ്, മികച്ച തീറ്റപ്പുല്‍ കൃഷി കര്‍ഷകനുളള ഹരിതശ്രീ അവാര്‍ഡ്, മികച്ച ക്ഷീര കര്‍ഷകനുളള ക്ഷേമനിധി അവാര്‍ഡുകള്‍ എന്നിവയും പരിപാടിയില്‍ വിതരണം ചെയ്തു.

ഡയറി എക്‌സ്‌പോ, ബ്രീഡ് ഷോ, ടോക് ഷോ, വനിതാ സമ്മേളനം, കലാസായാഹ്നം, ക്ഷീര വികസന സെമിനാര്‍, ക്വിസ്  തുടങ്ങിയ വിവിധ പരിപാടികള്‍ ക്ഷീരസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. നിലമ്പൂര്‍ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ,  ആത്മ, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നിലമ്പൂര്‍ ക്ഷീരസംഗമം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *