ആലിംഗന വിവാദം: സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിക്ക് മിന്നും വിജയം

തിരുവനന്തപുരം > മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ആലിംഗന വിവാദത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കുകയും പിന്നീട് തിരികെ പ്രവേശിപ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. 91 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അര്‍ജുന്‍ മിത്ര മികച്ച വിജയം നേടിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്‌കൂളില്‍ നടന്ന പാശ്ചാത്യ സംഗീത മത്സരത്തില്‍ അര്‍ജുന്റെ കൂട്ടുകാരിയായ പെണ്‍കുട്ടി വിജയിച്ചതറിഞ്ഞ് ആലിംഗനം ചെയ്തതിന്റെ പേരിലാണ് രണ്ടുപേരെയും സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെ കുട്ടികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചപ്പോള്‍ തിരിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സ്‌കൂള്‍ മാനേജ്മെന്റ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയിരുന്നു.

കുട്ടികള്‍ക്കെതിരായ മാനേജ്മെന്റിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടിക്കെതിരെ മാധ്യമങ്ങളിലും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഏതാണ്ട് ആറുമാസത്തോളം വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്മെന്റ് സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ പുറത്ത് നിര്‍ത്തിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയും ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ജുനെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും പെണ്‍കുട്ടിയെ തുടര്‍ന്നു പഠിക്കാനും അനുവദിക്കുകയായിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് അര്‍ജുന്‍ മിത്ര 91 ശതമാനം മാര്‍ക്ക് വാങ്ങി മിന്നും വിജയത്തിനുടമയായത്.

Leave a Reply

Your email address will not be published. Required fields are marked *