ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും തൂത്തുക്കുടിയിലെ പ്ലാന്റിന്റെ വികസനവുമായി മുന്നോട്ടു പോകുമെന്ന് വേദാന്ത ഗ്രൂപ്പ്. പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് ശേഷവും പ്ലാന്റിന്റെ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് കമ്ബനി എക്‌സിക്യുട്ടീവ് പി. രാംനാഥ് നിലപാട് വ്യക്തമാക്കിയത്.
കമ്ബനി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ഇവിടെ മാസങ്ങളായി സമരം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സമരക്കാര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിനെ തമിഴ്‌നാട് സര്‍ക്കാര്‍ ന്യായീകരിച്ചുവെങ്കിലും പ്ലാന്റ് അടച്ചു പൂട്ടാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വേദാന്ത ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്.
അറ്റകുറ്റപ്പണികള്‍ക്കായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അടച്ച തൂത്തുക്കുടിയിലെ പ്ലാന്റിന് ലൈസന്‍സ് പുതുക്കി ലഭിച്ചിട്ടില്ല. ഇതിനിടെ പ്രതിഷേധം ശക്തമാവുകയും വെടിവയ്പ്പില്‍ കലാശിക്കുകയും ചെയ്തു. പ്രദേശവാദികളുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കമ്ബനി ആഗ്രഹിക്കുന്നതെന്നും രാംനാഥ് പറഞ്ഞു.
