കെവിന്റെ കൊലപാതകം; ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് നീനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്ബത്തികമായുള്ള പിന്നോക്കാവസ്ഥയും പിന്നോക്ക ജാതി ആയതിനാലുള്ള ദുരഭിമാനവുമാണ് നീനുവിന്റെ കുടുംബക്കാരെ കെവിന്റെ കൊലയിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.

നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതിനിടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *