കൊല്ലം: മാന്നാനം സ്വദേശി കെവിന്റെ ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത തെന്മല സ്വദേശി നിയാസ് നിരപരാധിയെന്ന് നിയാസിന്റെ മാതാവും നീനുവിന്റെ ബന്ധുവും കൂടിയായലൈലാ ബീവി. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് നീനുവിന്റെ സഹോദരന്‍ ഷാനുവാണ്. നിയാസിനെ ചതിച്ചതാണെന്നും അവര്‍ പറഞ്ഞു.
ഡ്രൈവറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് നിയാസിനെ ഷാനു കൂട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഷാനു നിയാസിനെ വിളിക്കുകയും വാടകയ്ക്ക് ഒരു വാഹനവുമെടുത്ത് വരാനും ആവശ്യപ്പെട്ടു. നീനുവിന് അസുഖമായതിനാല്‍ കൊണ്ടുവരാന്‍ എന്നായിരുന്നു കാരണം പറഞ്ഞത്.
എന്നാല്‍ നിയാസ് ഈ ആവശ്യം നിരാകരിച്ചു. ഉമ്മ വീട്ടില്‍ തനിച്ചാണെന്നും അതിനാല്‍ താന്‍ വരില്ലെന്നുമായിരുന്നു നിയാസ് ഷാനുവിനോടു പറഞ്ഞത്. “പിന്നീട് നിയാസിനെ ഒപ്പം വിടാന്‍ ഷാനു എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ വീട്ടില്‍ തനിച്ചാണെന്നും വിടാനാകില്ലെ”ന്നും പറഞ്ഞതായി ലൈലാ ബീവി പറഞ്ഞു.
ശനിയാഴ്ച വീണ്ടും ഷാനു നിയാസിനെ വിളിച്ചു. നീനുവിന് തിരുവല്ലയില്‍ വച്ച് ഒരു പരീക്ഷയുണ്ടെന്നും അവിടേക്ക് കൊണ്ടുപോകാന്‍ ഒരു വാടകവാഹനവുമായി വരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് നിയാസ് വാടകയ്ക്ക് എടുത്ത വാഹനവുമായി പോവുകയായിരുന്നു. ഷാനു നിര്‍ബന്ധിച്ചാണ് നിയാസിനെ കൊണ്ടുപോയത്. നിയാസിനെ ഷാനുവും നീനുവിന്റെ മാതാപിതാക്കളും ചേര്‍ന്ന് ചതിച്ചതാണെന്ന് നിയിസിന്റെ സഹോദരിയും പ്രതികരിച്ചു. ശനിയാഴ്ച പലവട്ടം മൊബൈലില്‍ വിളിച്ചിട്ടും നിയാസിനെ കിട്ടിയിരുന്നില്ല. ഷാനു നിയാസിന് ഫോണ്‍ നല്‍കിയില്ലെന്നും നിയിസിന്റെ അമ്മ പറഞ്ഞു.
ഞായറാഴ്ച രാവിലെ നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും വീട്ടിലെത്തിരുന്നു. നീനുവിന് അസുഖമാണെന്നും കൊണ്ടുവരാന്‍ പോയതെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് വാര്‍ത്ത കാണുമ്ബോഴാണ് സംഭവം അറിഞ്ഞതെന്നും ലൈലാ ബീവി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
