ചെങ്ങന്നൂര്‍: വോട്ടെടുപ്പിന്റെ അവസാനമണിക്കൂറുകളില്‍ യു.ഡി.എഫിലേക്ക് മടങ്ങിയ കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും കേരള രാഷ്ട്രീയത്തില്‍ ചാട്ടം പിഴച്ചു. സമദൂരം പറഞ്ഞ് ഇടതുമുന്നണി പ്രവേശനത്തിന് കാത്തിരുന്ന മാണിക്ക് സി.പി.എം നേതൃത്വം പച്ചക്കൊടി കാട്ടിയിരുന്നു.
സി.പിഐയുടെ എതിര്‍പ്പ് മറികടന്ന് മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന ചര്‍ച്ച പുരോഗമിക്കവെയാണ് മാണി യു.ഡി.എഫിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു മാണിയുടെ തീരുമാനം. വിജയകുമാറിനു വേണ്ടി വോട്ടുതേടി മാണി പ്രചരണത്തിനിറങ്ങിയിട്ടും സജി ചെറിയാന്‍ 20956 വോട്ടിനു വിജയിച്ചതാണ് കേരള കോണ്‍ഗ്രസ്സിന്റെ വിലപേശല്‍ ശക്തി ചോര്‍ത്തി നാണം കെടുത്തിയത്.
2016ല്‍ മാണിയുടെകൂടെ പിന്തുണയുണ്ടായിട്ടും 7983 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കെ.കെ രാമചന്ദ്രന്‍നായര്‍ക്ക് ലഭിച്ചത്. ഇത്തവണ അത് മൂന്നിരട്ടിയോളം വര്‍ധിച്ചപ്പോള്‍ കെ.എം മാണിയുടെ രാഷ്ട്രീയ നീക്കം പരാജയപ്പെട്ടു. മാണി കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കിയപ്പോള്‍ കേരള കോണ്‍ഗ്രസ്സിന്റെ വോട്ടു ബാങ്കായ കത്തോലിക്കാ സഭയും മാര്‍ത്തോമ്മ വിഭാഗവും സജി ചെറിയാന് വോട്ടു ചെയ്യുകയായിരുന്നു.
മാണി എവിടെ എന്ന പരിഹാസവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതും കേരള കോണ്‍ഗ്രസ്സിനെയും മാണിയെ ഒപ്പം കൂട്ടാന്‍ ശ്രമിച്ച സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കുമുള്ള തിരിച്ചടിയാണ്. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ഇല്ലാതെതന്നെ വിജയിക്കാമെന്ന സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടും വിജയം കണ്ടിരിക്കുന്നു.
ഇനി യു.ഡി.എഫില്‍ നിന്നും പിണങ്ങി ഇടതുമുന്നണിയില്‍ ചേക്കേറാന്‍ കെ.എം മാണിക്ക് കഴിയില്ല. ഇതോടെ യു.ഡി.എഫിലും പഴയ വിലപേശല്‍ ശക്തിയും കേരള കോണ്‍ഗ്രസിനു നഷ്ടമാകുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പോലും പ്രാപ്തനായ കെ.എം മാണിയുടെ രാഷ്ട്രീയ പരാജയംകൂടിയാണ് ചെങ്ങന്നൂരിലെ യു.ഡി.എഫ് തോല്‍വി. മകന്‍ ജോസ് കെ മാണിക്കുവേണ്ടി കോണ്‍ഗ്രസ്സില്‍ നിന്നും വയനാട് പാര്‍ലമെന്റ് സീറ്റ് പിടിച്ചുവാങ്ങാനും രാജ്യസഭാ സീറ്റ് ഉറപ്പിക്കലുമൊക്കെ ഇനി പ്രസായകരമാകും.
