ലഖ്‌നൗ: കെയ്‌രാന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കവിതയിലൂടെയാണ് ശ്യാം പ്രകാശ് എം.എല്‍.എ മുഖ്യമന്ത്രിയെ പരിഹസിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വശ്യതയില്‍ ഉത്തര്‍പ്രദേശില്‍ പുരോഹിതനായ രാഷ്ട്രീയക്കാരന്‍ അധികാരത്തിലെത്തി. പക്ഷേ അദ്ദേഹം അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്-ഇങ്ങനെ പോകുന്നു എം.എല്‍.എയുടെ കവിത. വരികള്‍ തന്റെ അഭിപ്രായമാണെന്നും അഴിമതി വ്യാപകമായതാണ് പരാജയത്തിന്റെ കാരണമെന്നും ശ്യാം പ്രകാശ് പറഞ്ഞു. ജനം അവരുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി കഠിനാദ്ധ്വാനം ചെയ്ത് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ശ്യാം പ്രകാശ് കൂട്ടിച്ചേര്‍ത്തു.
യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് ശേഷം നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് വന്‍ പരാജയമാണ് നേരിട്ടത്. കെയ്‌രാനയില്‍ കര്‍ണാടക മാതൃകയില്‍ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. യോഗിയുടെ സ്വന്തം മണ്ഡലമായിരുന്ന ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും ബി.ജെ.പി പരായജപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെയ്‌രാനയിലേയും നൂര്‍പൂരിലേയും പരാജയം.
2014ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി 2.36 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണ് കെയ്‌രാന. ഇവിടെ എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യം 44,618 വോട്ടിനാണ് വിജയിച്ചത്. നുര്‍പൂരില്‍ എസ്.പിയുടെ നയിമുല്‍ ഹസനാണ് വിജയിച്ചത്. കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ ഹസനെ പിന്തുണച്ചു.
