” അച്ഛന്റെയും അമ്മയുടെയും സ്‌നേഹം എന്താണെന്ന് സ്വപ്നത്തില്‍ പോലും ഞാനറിഞ്ഞിട്ടില്ല. എപ്പോഴും ശകാരവും കുറ്റപ്പെടുത്തലും മാത്രമായിരുന്നു എനിക്കായി കരുതിവച്ചത്. ഒരിക്കലെങ്കിലും അവര്‍ എന്നെ മനസിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കില്ലായിരുന്നു. എന്നെ കൈവിടാതെ ചേര്‍ത്തുപിടിച്ച കെവിന്‍ ചേട്ടനെയും ഒടുവില്‍ അവര്‍ കവര്‍ന്നെടുത്തു” – മാതാപിതാക്കളെക്കുറിച്ച് പറയുമ്ബോള്‍ നീനു ചാക്കോയുടെ ശബ്ദത്തില്‍ മുന്നിട്ട് നിന്നത് സങ്കടത്തെക്കാള്‍ രോഷമായിരുന്നു. അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും വിദേശത്തായിരുന്നതിനാല്‍ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കൊല്ലത്തെ ബന്ധുവീടുകളില്‍ മാറി മാറി നിന്നാണ് ഞാന്‍ വളര്‍ന്നത്. ഏതാനും വര്‍ഷം മുമ്ബ് അവര്‍ നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും ഞാനുമായി യോജിച്ച് പോയിരുന്നില്ല.
മാതാപിതാക്കളെപ്പോലെ തന്നെ സഹോദരന്‍ സാനുവും തന്നെ ഒരിക്കലും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നീനുവിന്റെ പരാതി. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ട്ടപ്പെട്ടപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞ നീനു ഹോസ്റ്റലിലേക്ക് മാറി. വീടിനേക്കാള്‍ ഹോസ്റ്റല്‍ ജീവിതം തന്നെ ഭേദമെന്ന് മനസ്സിലായതോടെ പ്ലസ് ടു കഴിഞ്ഞിട്ടും അവിടെ തന്നെ തുടര്‍ന്നു. പിന്നീട് കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് ചേര്‍ന്നു. മാതാപിതാക്കളുമായി മാനസികമായി അടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഹോസ്റ്റല്‍ ഫീസ്, കോളേജ് ഫീസ് അങ്ങനെ ഒന്നിനും അവര്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് നീനു സമ്മതിക്കുന്നു. കോട്ടയത്തെപഠനത്തിനിടയിലാണ് കെവിനെ പരിചയപ്പെട്ടത്. സൗഹൃദത്തില്‍ തുടങ്ങി പിന്നീട് എപ്പഴോ അത് പ്രണയമായി മാറി. ഇതിനിടയിലാണ് നീനുവിന്റെ ബാഗില്‍ നിന്ന് കെവിന്റെ ഫോട്ടോ വീട്ടുകാര്‍ക്ക് അവിചാരിതമായി കിട്ടുന്നത്. പിന്നീട് നീനുവിന്റെ അച്ഛന്‍ കെവിനേ തേടി കോട്ടയത്തേക്ക് തിരിച്ചു. മാന്നാനത്തെ ഒരു പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കെവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
നീനുവിനോട് പല തവണ കെവിനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും പറയാന്‍ അവള്‍ തയാറായില്ല. പിന്നീട് വീട്ടില്‍ നിന്ന് ഹോസ്റ്റലിലെ നീനുവിനെ തേടിവന്ന ഫോണ്‍ കോളുകളെല്ലാം ഭീക്ഷണിയുടെ സ്വരത്തിലുള്ളതായിരുന്നു. അതിനിടയില്‍ വിവാഹാലോചനകള്‍ തകൃതിയായി നടന്നതോടെ നീനുവിന്റെ നെഞ്ചിടിപ്പ് കൂടി. പലരോട് ചോദിച്ചറിഞ്ഞ് കാര്യങ്ങളെല്ലാം മനസ്സിലാക്കിയ അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും കെവിനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ നീനുവിനെ ഫോണില്‍ വിളിച്ച് പലവിധത്തില്‍ ഭീക്ഷണിപ്പെടുത്തിയെങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കുടുംബങ്ങള്‍ തമ്മിലുള്ള സാമ്ബത്തിക അന്തരവും ജാതീയമായ വ്യാത്യാസവും എന്റെ കെവിന്റെ ജീവനെടുത്തു.
കെവിന്റെ കുടുംബം ഇനി എന്റെ ലോകം
അച്ഛന്‍ ജോസഫിനെയും അമ്മ മേരിയെയും എന്റെ കൈകളില്‍ ഏല്‍പ്പിച്ചിട്ടാണ് കെവിന്‍ പോയത്. മരണം വരെ ഇവരെ പൊന്നുപോലെ ഞാന്‍ നോക്കും. സഹോദരി കൃപക്കും ഇനി താനാണ് തണല്‍. എത്രനാള്‍ കഴിഞ്ഞാലും വീട്ടില്‍ നിന്ന് ആരൊക്കെ വന്ന് വിളിച്ചാലും ഇവരെ തനിച്ചാക്കി ഞാന്‍ എങ്ങും പോകില്ല. പഠിച്ച് നല്ലൊരും ജോലി വാങ്ങി കെവിന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കുക മാത്രമാണ് ഇനി എന്റെ ലക്ഷ്യം. മേരിയുടെയും ജോസഫിന്റെയും മകളായി ഞാന്‍ ഇവിടെ ജീവിക്കും.
