മാനന്തവാടി
കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളമുണ്ട ഗവ.ഐടിഐ യഥാർഥ്യത്തിലേക്ക്. ജില്ലയിലെ മൂന്നാമത്തെ ഗവ.ഐടിഐ ഈ അധ്യയനവർഷം താൽക്കാലിക കെട്ടിടത്തിൽ തുടങ്ങാനുള്ള നടപടികൾ ഊർജിതം. പ്രാരംഭനടപടികൾ പൂർത്തിയാക്കി ഐടിഐ ഡയറക്ടറേറ്റ് സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചു. ഐടിഐ സ്ഥാപിക്കാൻ പൊതുജനങ്ങൾ 1.21 ഏക്കർ ഭൂമി വാങ്ങി. താൽകാലികമായി ക്ലാസ് ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. ഐടിഐ ഡയറക്ടറേറ്റും നടപടികൾ വേഗത്തിലാക്കിയതോടെ ഈ അധ്യയനവർഷംതന്നെ ക്ലാസ് ആരംഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
കഴിഞ്ഞ ബജറ്റിലാണ് മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ടയിൽ സർക്കാർ ഗവ. ഐടിഐ പ്രഖ്യാപിച്ചത്. നിലവിൽ ജില്ലയിൽ സർക്കാർ തലത്തിൽ കൽപ്പറ്റ ഐടിഐയും ചുള്ളിയോട് വനിതാ ഐടിഐയും മാത്രമാണുള്ളത്. രണ്ടായിരത്തിലധികം അപേക്ഷകൾ ഒരുവർഷം ലഭിക്കുന്ന ഈ സ്ഥാപനങ്ങളിൽ 231 സീറ്റുകളുിലേക്കാണ് പ്രവേശനം. ബാക്കിവരുന്ന വിദ്യാർഥികൾ ഭീമമായ ഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. വെള്ളമുണ്ടയിൽ ഐടിഐ വരുന്നതോടെ കുറച്ചുകൂടിപേർക്ക് സർക്കാർതലത്തിൽ പഠിക്കാനാവും.
ആദിവാസി വിഭാഗങ്ങൾക്കും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകിയാണ് ജില്ലയിൽ മൂന്നാമത്തെ ഐടിഐ സ്ഥാപിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. ആദിവാസി വിഭാഗത്തിൽനിന്നുള്ളവർക്കായി വയർമാൻ ട്രേഡിൽ പ്രത്യേക ബാച്ചും കാർഷിക മേഖലയിൽ മുതൽകൂട്ടാവുന്ന മെക്കാനിക് അഗ്രികൾച്ചറൽ മെഷനറീസ് ട്രേഡും ശുപാർശചെയ്യുന്നു. താൽകാലിക കെട്ടിട സൗകര്യങ്ങളും ഭൗതിക സാചര്യങ്ങളും കണക്കിലെടുത്ത് തുടക്കത്തിൽ നാല് ട്രേഡുകളോടെ ക്ലാസ് ആരംഭിക്കണമെന്ന നിർദേശമാണ് ഐടിഐ ഡയറക്ടറേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്.
ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലംബർ, വയർമാൻ(സ്പെഷ്യൽ) എന്നീ ട്രേഡുകളാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ ട്രേഡിലും 21 വീതം പേർക്കായിരിക്കും പ്രവേശനം. രണ്ടാം വർഷം ആകുമ്പോൾ ഒരുട്രേഡിൽ 42 കുട്ടികൾ ഉണ്ടാകും. സ്വന്തംകെട്ടിടമായാൽ മെക്കാനിക് റെഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷൻ, ഫിറ്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, കംപ്യൂട്ടർ പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളും ആരംഭിക്കും.
കൽപ്പറ്റ ഗവ. ഐടിഐ പ്രിൻസിപ്പൽ തോമസ് പോൾ വാഴപ്പിള്ളിയൊണ് ഐടിഐ തുടങ്ങുന്നതിന് സർക്കാർ നോഡൽ ഓഫീസറായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിച്ചത്.
വെള്ളമുണ്ട പത്താംമൈലിലാണ് ഐടിഐക്ക് സ്ഥലം വാങ്ങിയിട്ടുള്ളത്. പത്താം മൈൽ ടൗണിൽതന്നെയുള്ള കെട്ടിടത്തിലാണ് ക്ലാസ് ആരംഭിക്കാൻ താൽകാലിക സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒ ആർ കേളു എംഎൽഎയുടെ നിരന്തര ഇടപെടലിലും മേൽനോട്ടത്തിലുമാണ് കാര്യങ്ങൾ വേഗത്തിൽ നീങ്ങുന്നത്. ജില്ലയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ആരംഭിച്ചത് എൽഡിഎഫ് സർക്കാരുകളാണ്. വെള്ളമുണ്ട ഗവ.ഐടിഐയും ഈ പട്ടികയിൽ ഇടംപിടിക്കുകയാണ്.
നിയമിക്കേണ്ടത് 22
ജീവനക്കാരെ
ഐടിഐ ആരംഭിക്കാൻ പ്രിൻസിപ്പലും ഇൻസ്ട്രക്ടർമാരും ഉൾപ്പെടെ സർക്കാർ നിയമിക്കേണ്ടത് 22 ജീവനക്കാരെ. പ്രിൻസിപ്പൽ ക്ലാസ് രണ്ട്‐1, ഗ്രൂപ്പ് ഇൻസ്ട്രക്ടർ‐1, സീനിയർ ഇൻസ്ട്രക്ടർ‐4, ജൂനിയർ ഇൻസ്ട്രക്ടർ‐4, എസിഡി ഇൻസ്ട്രക്ടർ‐2, വർക്ഷോപ്പ് അറ്റൻഡർ‐1, ജൂനിയർ സൂപ്രണ്ട്‐1, സീനിയർ ക്ലർക്ക്‐1, ക്ലർക്ക്‐2, എൽഡി ടൈപ്പിസ്റ്റ്‐1, എൽഡി സ്റ്റോർ കീപ്പർ‐1, ഓഫീസ് അറ്റൻഡന്റ്‐1, വാച്ച്മാൻ‐2, സ്വീപ്പർ‐1 എന്നിങ്ങനെയാണ് നിയമനം നടത്തേണ്ടത്.
വിജയം ജനകീയം
സർക്കാർ പ്രഖ്യാപിച്ച് മാസങ്ങൾക്കകം ഗവ.ഐടിഐ സാധ്യമാക്കുന്നത് വെള്ളമുണ്ടയിലെ ജനകീയ കൂട്ടായ്മ. നാട്ടുകാർ രൂപീകരിച്ച ഐടിഐ കമ്മിറ്റി യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങൾ നീക്കിയത്. 1.21 ഏക്കർ സ്ഥലം ഇവർ വിലകൊടുത്ത് വാങ്ങി. സ്ഥലം വാങ്ങുന്നതിന് 10 ഒമ്പത് രൂപ സമാഹരിച്ചു. നാട്ടുകാരുടെ നിർലോഭ സഹായമാണ് ഒരുസർക്കാർ സ്ഥാപനം കൊണ്ടുവരുന്നതിനുണ്ടായതെന്ന് കമ്മിറ്റി കൺവീനർ സി വി മജീദ് പറഞ്ഞു. സാധരണക്കാർവരെ സംഭാവന നൽകി. വാർഡ് മെമ്പർ വി എസ് കെ തങ്ങളാണ് കമ്മിറ്റി ചെയർമാൻ.
ക്ലാസ് തുടങ്ങാൻ താൽകാലിക കെട്ടിടം കണ്ടെത്തിയതും അനുബന്ധസൗകര്യങ്ങളൊരുക്കിയും വെള്ളമുണ്ട പഞ്ചായത്തും ജനകീയ കമ്മിറ്റിയും ചേർന്നാണ്. ഐടിഐക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതുവരെ താൽകാലിക കെട്ടിടത്തിന്റെ വാടകയും വൈദ്യുതി ചാർജും അടക്കമുള്ള കാര്യങ്ങളും ജനകീയ കമ്മിറ്റിയും പഞ്ചായത്തും ചേർന്ന് നിർവഹിക്കും. രണ്ട് ഏക്കർ സ്ഥലം ഐടിഐക്കായി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബാക്കി സ്ഥലം വാങ്ങുന്നതിനായി പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ വിലനിർണയത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
