മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ശിക്ഷ തുപ്പല്‍ നക്കല്‍! അമ്മയേയും മകളേയും നഗ്നരാക്കി പ്രദര്‍ശനവും!

ബുലന്ദ്ഷര്‍: ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. മതം മാറിയോ, ജാതി മാറിയോ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ നാട്ടുക്കൂട്ടം വിചാരണ ചെയ്ത് കൂട്ട ബലാത്സംഗം വരെ ശിക്ഷ വിധിക്കുന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ്.

ഉത്തര്‍പ്രദേശില്‍ മകന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ അപമാനമാണ്. യുപിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ദളിത് കുടുംബത്തിലെ യുവാവ് മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ശിക്ഷിക്കപ്പെട്ടത് യുവാവിന്റെ അച്ഛനായിരുന്നു.

അന്യമതക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് കുടുംബത്തെ വിചാരണ ചെയ്യാനായി ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ യുവാവിന്റെ അച്ഛനോട് നിലത്ത് തുപ്പാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം സ്വന്തം തുപ്പല്‍ നക്കിത്തുടപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മാത്രമല്ല ഈ ദളിത് കുടുംബത്തോട് ഗ്രാമം വിട്ട് പോകാനും പഞ്ചായത്ത് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെക്കുറിച്ച്‌ യുവാവിന്റെ പിതാവ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. തന്നെക്കൊണ്ട് തുപ്പല്‍ നക്കിത്തുടപ്പിച്ചത് കൂടാതെ തന്റെ ഭാര്യയേയും മകളേയും നഗ്നരാക്കി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തത് കോടതിയില്‍ വെച്ചാണെന്നും ഇയാള്‍ ്‌വ്യക്തമാക്കുന്നു. സംഭവത്തില്‍ ബുലന്ദ്ഷഹര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബുലന്ദ്ഷഹര്‍ എസ്പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *