കല്‍പറ്റ: കല്‍പറ്റ മക്കിയാടിനു സമീപം പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിയില്‍ കഴിഞ്ഞദിവസം നവ ദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുന്നു. ശനിയാഴ്ച രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതായി വെള്ളമുണ്ട എസ്‌ഐ പി.ജിതേഷ് പറഞ്ഞു.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പ്രതികളെ പിടികൂടാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
മക്കിയാട് പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിക്കു സമീപം വാഴയില്‍ ഉമ്മര്‍ (28), ഭാര്യ ഫാത്ത്വിമ (20) എന്നിവരെ കഴിഞ്ഞദിവസം രാവിലെ എട്ടരമണിയോടെയാണു കിടപ്പറയ്ക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണമാണോ വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മൂന്നുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
വീട്ടിനുള്ളില്‍ നിന്നോ കൊല നടന്ന മുറിക്കുള്ളില്‍ നിന്നോ മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങള്‍ക്കു ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ട്. അതിനാല്‍ മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തിലായിരുന്നു പോലീസ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഉമ്മര്‍ അംഗമായ തബ്‌ലീഗ് ജമാ അത്തില്‍ ഇതരസംസ്ഥാനക്കാരും സജീവമായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
ഉമ്മറിന്റെ മാതാവ് ആഇഷ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഇവരുടെ വീട്ടിലെത്തിയിരുന്നു. വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സമീപത്തുതന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മ താമസിക്കുന്നത്. വെട്ടിക്കൊലപ്പെടുത്തിയനിലയില്‍ മകന്റേയും മരുമകളുടേയും മൃതദേഹങ്ങള്‍ കണ്ട ഉമ്മ ബോധരഹിതയായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
