നിലമ്പൂര്‍- കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരം വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. റോഡരികിലുള്ള കുറ്റിക്കാടുകള്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കുറ്റിച്ചെടികള്‍ റോഡിലേക്ക് പടര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയുന്നില്ല. സമീപത്ത് എത്തിയതിനു ശേഷമാണ് ചെറുവാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് തുടര്‍ന്നുണ്ടാകുന്നത്. പാഴ്‌ചെടികളാണ് റോഡിനിരുവശവും വളര്‍ന്നിരിക്കുന്നത്. 2013 വരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരം കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയിരുന്നു. ഇതിനു ശേഷം തൊഴിലുറപ്പ് പദ്ധതി ഇവിടെ പ്രയോജനപ്പെടുത്തിയിട്ടില്ല. പുതിയ നിയമപ്രകാരം ഇതു തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. ഒന്നാം വളവ് മുതല്‍ തമിഴ്‌നാട് അതിര്‍ത്തി വരെയുള്ള ഭാഗങ്ങളില്‍ മിക്കയിടങ്ങളിലും ഇത്തരം കുറ്റിച്ചെടികള്‍ റോഡിലേക്കു പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭാഗങ്ങളില്‍ റോഡരികിലുള്ള കുറ്റിക്കാടുകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ വെട്ടിമാറ്റുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചുരത്തില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. വളവില്‍ എതിരെ വന്ന ബൈക്കിനെ ലോറി ഡ്രൈവര്‍ തൊട്ടടുത്ത് എത്തിയതിന് ശേഷമാണ് കണ്ടത്. ഉടന്‍ വെട്ടിച്ച് മാറ്റിയെങ്കിലും ലോറിയുടെ പിന്‍ചക്രത്തിലിടിച്ച് ബൈക്ക് മറിഞ്ഞു. റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരന്‍ മരിക്കുകയും ചെയ്തു. ഇത്തരം കുറ്റിക്കാടുകള്‍ കാരണം റോഡരികിലേക്ക് ഇറങ്ങി വരുന്ന കാട്ടാനക്കൂട്ടത്തെയും വാഹനയാത്രക്കാര്‍ക്ക് അടുത്തെത്തിയാല്‍ മാത്രമേ കാണാനാകൂവെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ചുരത്തിലെ കാഴ്ച മറച്ചുകൊണ്ടുള്ള കുറ്റിക്കാടുകള്‍ വെട്ടിമാറ്റണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
