മഞ്ചേരി- കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കെ എ ഫ്രാന്‍സിസിനെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ പ്രവാസിയും കാസര്‍കോട് സ്വദേശിയുമായ ഹക്കീം റൂബക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2015 ഡിസംബര്‍ രണ്ടിനാണ് സംഭവം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലിറങ്ങിയതായിരുന്നു കാസര്‍ഗോഡ് കുടലു എരിയാല്‍ മിഹ്‌റാജ് മന്‍സിലില്‍ ഹക്കീം റൂബ (27). കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തേക്ക് പോകുകയായിരുന്ന റൂബയെ ഇന്റലിജന്‍സ് സൂപ്രണ്ട് തടഞ്ഞു വെക്കുകയും ഡിക്ലറേഷന്‍ ഫോം പരിശോധിച്ച ശേഷം ലഗേജ് തുറക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എക്‌സ്‌റേ പരിശോധനയടക്കം കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാല്‍ വീണ്ടും അടുക്കി വക്കാന്‍ പ്രയാസമാണെന്നും റൂബ പറഞ്ഞെങ്കിലും സൂപ്രണ്ട് സമ്മതിച്ചില്ല. എട്ടു മണിക്കൂറോളം സൂപ്രണ്ട് വെള്ളമോ ഭക്ഷണമോ നല്‍കാതെ തന്നെ തടഞ്ഞുവെച്ചുവെന്നും മുഖത്തടിച്ചുവെന്നും റൂബ പരാതി നല്‍കിയിരുന്നു. ഇതിനെതിരെ സൂപ്രണ്ട് കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ എസ് ശിവ പ്രസാദിന് പരാതി നല്‍കി. തന്നെ അസഭ്യം പറഞ്ഞെന്നും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നുമായിരുന്നു സൂപ്രണ്ടിന്റെ പരാതി. പരാതി ഡിസംബര്‍ മൂന്നിന് കമ്മീഷണര്‍ കരിപ്പൂര്‍ പൊലീസിന് കൈമാറി. ഈ കേസിലാണ് ഇപ്പോള്‍ ഹക്കീം റൂബക്ക് ജാമ്യം അനുവദിച്ചത്.
