ഗുഹയില്‍ നിന്നും അഞ്ചാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം അഞ്ച് ആയി. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച്‌ ദൗത്യം തുടരുകയായിരുന്നു. ഇനി കോച്ച്‌ അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്.

ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

തുടര്‍ന്ന് ഇന്ന് രാവിലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം 8.30) രക്ഷാദൗത്യം വീണ്ടും ആരംഭിക്കുകയായിരുന്നു. രാത്രിയില്‍ കനത്ത മഴയാണ് പെയ്തതെങ്കിലും ഗുഹയിലെ ജലനിരപ്പില്‍ വലിയ വര്‍ധനയുണ്ടായിട്ടിലെന്നും രക്ഷാ ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന നരോങ്‌സാക് ഓസോട്ടനകോണ്‍ വ്യക്തമാക്കി.

ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി. ഇവരെ ഗുഹയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ചിയാങ് റായ് ആസ്പത്രിയിലാണുള്ളത്. അണുബാധയുണ്ടാകാതിരിക്കുന്നതിന് പ്രത്യേക വാര്‍ഡിലാണ് ഇവരെ ചികിത്സിക്കുന്നത്. കുടുംബാംഗങ്ങളെയും ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *